വി.ഡി സതീശൻ

കരിമണൽ മേഖലയിൽ സ്വകാര്യവത്കരണമില്ല, ബജറ്റിൽ അത്തരമൊരു പരാമർശവുമില്ല, ഊന്നൽ ‘നിയോ കേരള’ മോഡലിൽ -മുഖ്യമന്ത്രി

തിരുവനന്തപുരം: കരിമണൽ മേഖലയിൽ സ്വകാര്യവത്കരണം സർക്കാർ നയമല്ലെന്നും, ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പരാമർശവുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കരിമണൽ ഖനനത്തിൽ സർക്കാർ നിലപാട് മാറ്റിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

സതേൺ ഇക്കണോമിക് കോറിഡോർ വഴി സ്വകാര്യ നിക്ഷേപം ആകർഷിക്കുക മാത്രമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായ ക്രിട്ടിക്കൽ മിനറൽ കോറിഡോർ പദ്ധതി നടപ്പാക്കുന്നത് കോൾ ഇന്ത്യ ലിമിറ്റഡ്, കെ.എം.എം.എൽ, കെൽട്രോൺ, ടൈറ്റാനിയം, എൻ.എഫ്.ടി.ഡി.സി എന്നിവരടങ്ങുന്ന കൺസോർഷ്യമാണ്. ഇതിൽ ഖനനത്തിനല്ല, മറിച്ച് മൂല്യവർധിത ഉൽപന്നങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനാണ് മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഖജനാവ് നിറക്കുകയാണ് ലക്ഷ്യം. നിലവിലെ കേരള മോഡൽ മന്ദഗതിയിലായ സാഹചര്യത്തിൽ ‘നിയോ കേരള’ മോഡലിലൂടെ മുന്നോട്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ നടപടികൾ സ്വീകരിക്കും.

വികസനപദ്ധതികൾ അനാവശ്യമായി വൈകുന്നത് അനുവദിക്കില്ല. നിക്ഷേപകർക്കായി ഏകജാലക സംവിധാനം നടപ്പിലാക്കും. സംരംഭകർക്ക് അനുകൂലമായ പ്രോട്ടോക്കോൾ കൊണ്ടുവരും. കേരളത്തിലെത്തുന്ന നിക്ഷേപകർക്ക് മടങ്ങേണ്ട അവസ്ഥയുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Kerala Govt Has No Policy on Privatising Black Sand Mining- CM Tells Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.