മലപ്പുറം: സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളുടെ പരിധിക്കു പുറത്തായി 123 പൊതുവിദ്യാലയങ്ങൾ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഫണ്ട് പൂർണമായും നിഷേധിക്കപ്പെട്ട്, വാടകക്കെട്ടിടങ്ങളിൽ ഞെരുങ്ങിക്കഴിയുകയാണ് ഇതിൽ മിക്ക സ്കൂളുകളും അവിടെങ്ങളിലെ വിദ്യാർഥികളും.
ഇതിൽ 100 സ്കൂളുകളും പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിലാണെന്ന കണക്ക് വിഭവവിതരണത്തിലെ വിവേചനത്തിലേക്കുകൂടി വെളിച്ചംവീശുന്നു. മലപ്പുറത്തെ 32 സ്കൂളുകളും കണ്ണൂരിലെ 29 സ്കൂളുകളും വാടകക്കെട്ടിടങ്ങളിലാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 103 സർക്കാർ സ്കൂളുകൾക്കും 14 എയ്ഡഡ് സ്കൂളുകൾക്കും ആറ് അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് ഈ ദുരവസ്ഥ.സ്ഥിരം കെട്ടിടത്തിനായുള്ള മുറവിളികൾക്ക് മാറിമാറിവന്ന സർക്കാറുകൾ ചെവികൊടുത്തില്ലെന്ന് തെളിയിക്കുന്നതാണ് ഇതേ ചോദ്യത്തിന് 2016ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടിയും. 2016ൽ 128 സ്കൂളുകളായിരുന്നു വാടകക്കെട്ടിടങ്ങളിലെങ്കിൽ ഒമ്പതു വർഷം കഴിയുമ്പോൾ വെറും അഞ്ച് സ്കൂളുകൾക്കാണ് സ്വന്തം കെട്ടിടമായതെന്ന് രേഖ തെളിയിക്കുന്നു. 2016ലെയും 2025ലെയും മറുപടികളിൽ മലപ്പുറത്തെ അവസ്ഥക്ക് മാറ്റംവന്നിട്ടില്ല- 32 സ്കൂളുകൾ വാടകക്കെട്ടിടത്തിൽ തന്നെ.
മുഴുവൻ വിദ്യാലയങ്ങളെയും ‘മികവിന്റെ കേന്ദ്രങ്ങളാക്കുക’ എന്ന ലക്ഷ്യംവെച്ച് വിദ്യാകിരണം പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ട്. എന്നാൽ, സുരക്ഷിതമായ ക്ലാസ് മുറികളോ നല്ല മൈതാനമോ ആവശ്യമായ ശൗചാലയങ്ങളോ ഇല്ലാതെ പൊറുതിമുട്ടുകയാണ് ഈ പൊതുവിദ്യാലയങ്ങൾ.
സർക്കാർ കെട്ടിടം അല്ലാത്തതുകൊണ്ട് അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ഫണ്ടും ഈ സ്കൂളുകൾക്ക് ലഭിക്കില്ല. സ്മാർട്ട് ക്ലാസ് റൂം അടക്കമുള്ള സൗകര്യങ്ങളെല്ലാം ഇവിടത്തെ കുട്ടികൾക്ക് നിഷേധിക്കപ്പെടുന്നു.
ചില സ്കൂളുകളിൽ നാട്ടുകാരിൽനിന്ന് വർഷാവർഷം പിരിവെടുത്ത് അവശ്യം അറ്റകുറ്റപ്പണി നടത്തുകയാണ്. സ്കൂളുകൾ പ്രവർത്തിക്കുന്ന വാടകക്കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച ചോദ്യത്തിന് വിവരം ലഭ്യമല്ലെന്ന മറുപടിയാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.