തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയെങ്കിലും കേരള എന്നത് ‘കേരളം’ ആകാൻ ചെലവേറും. സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, ഔദ്യോഗിക സീലുകൾ, ലെറ്റർ പാഡുകൾ തുടങ്ങി ലോഗോയിലടക്കം മാറ്റം വരുത്തണം. സർക്കാറിന്റെയും വിവിധ വകുപ്പുകളുടെയും വെബ്സൈറ്റുകൾ, പോർട്ടലുകൾ, ആപ്പുകൾ എന്നിവയിലും തിരുത്തൽ വേണ്ടിവരും. മലയാളത്തിൽ ഇപ്പോൾ തന്നെ ‘കേരളം’ എന്ന് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇംഗ്ലീഷിലാണ് മാറ്റം വരിക. അപ്പോഴും ആശയക്കുഴപ്പം അവശേഷിക്കുകയാണ്.
മാറ്റത്തോടെ ‘ഗവൺമെന്റ് ഓഫ് കേരള’ എന്നത് ‘ഗവൺമെന്റ് ഓഫ് കേരളം’ എന്നാകും. എന്നാൽ, മലയാളത്തിൽ ‘കേരള സർക്കാർ’ ആണോ ‘കേരളം സർക്കാർ’ ആണോ എന്നതിൽ വ്യക്തത വരണം. അതോടൊപ്പം കേരള നിയമസഭ, കേരള ഹൈകോടതി, കേരള യൂനിവേഴ്സിറ്റി, കേരള പി.എസ്.സി തുടങ്ങി ‘കേരള’ ആദ്യം വരുന്ന പേരുകളിൽ എങ്ങനെ മാറ്റംവരും എന്നതിലും വ്യക്തത വരേണ്ടതുണ്ട്. നിയമസഭയുടെ പേര് ‘കേരള നിയമസഭ’ എന്നത് ‘നിയമസഭ കേരളം’ എന്നാകുമോ എന്നും കണ്ടറിയണം. ഒട്ടേറെ പൊതുമേഖല സ്ഥാപനങ്ങളുടെ പേരിലും ‘കേരള’ ഉണ്ട്. അവയൊക്കെ പരിഷ്കരിക്കുന്നത് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വകുപ്പുകളുടെ ഡിജിറ്റൽ ഡേറ്റബേസിലും വെബ്സൈറ്റിലും യു.ആർ.എല്ലിലുമടക്കം മാറ്റം വരുത്തണം. സർക്കാർ വെബ്സൈറ്റുകളുടെ യു.ആർ.എല്ലുകളിൽ മാറ്റം വരുന്നത് സെർച് എൻജിൻ റാങ്കിങ്ങിനെ ബാധിക്കാൻ സാധ്യതയുണ്ട്. ടൂറിസം ഭൂപടത്തിന്റെ ബ്രാൻഡായ ‘കേരള ഗോഡ്സ് ഓൺ കൺട്രി’ മാറ്റുമോ എന്നതും പ്രസക്തമായ ചോദ്യമാണ്.
ഒഡീഷക്കും ഉത്തരാഖണ്ഡിനും പിന്നാലെയാണ് കേരളവും പേരുമാറുന്നത്. 2023 ആഗസ്റ്റിലാണ് സംസ്ഥാന നിയമസഭ ‘കേരളം’ എന്ന പേരുമാറ്റം കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്.
ഈ പ്രമേയത്തിലെ അപാകതകൾ തിരുത്തി വീണ്ടും അയയ്ക്കാൻ കേന്ദ്രം നിർദേശിച്ചതിനെത്തുടർന്ന് 2024 ജൂൺ 24ന് പുതുക്കിയ പ്രമേയം വീണ്ടും ഐകകണ്ഠ്യേന പാസാക്കി കേന്ദ്രത്തിനയച്ചു. പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേന്ദ്ര കാബിനറ്റ് ഇക്കാര്യം അംഗീകരിക്കുകയും ഇതുസംബന്ധിച്ച കരടു ബിൽ തയാറാക്കി സംസ്ഥാന നിയമസഭയുടെ അംഗീകാരത്തിന് അയയ്ക്കുകയും ചെയ്തു.
പേരുമാറുന്ന സംസ്ഥാന നിയമസഭകൂടി കേന്ദ്രത്തിന്റെ കരട് ബില്ലിന് അംഗീകാരം നൽകണമെന്ന വ്യവസ്ഥ അനുസരിച്ചായിരുന്നു അത്. വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള ആദ്യ നിയമസഭ സമ്മേളനത്തിൽ കേന്ദ്രത്തിന്റെ കരട് ബില്ലിലെ വ്യവസ്ഥകൾ നിയമസഭ ഐകകണ്ഠ്യേന പാസാക്കി കേന്ദ്രത്തിനയച്ചിരുന്നു.
ന്യൂഡൽഹി: കേരളത്തിന്റെ പേര് ‘കേരള’ എന്നുപയോഗിക്കുന്നത് അവസാനിപ്പിച്ച് കേരളം എന്നാക്കുന്നതിനുള്ള ‘കേരളം (പേരുമാറ്റ) ബിൽ- 2026’ രാജ്യസഭയും പാസാക്കിയതോടെ പാർലമെന്റ് കടന്നു. രാഷ്ട്രപതി മേലൊപ്പ് കൂടി ചാർത്തുന്നതോടെ ഇന്ത്യൻ ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരള എന്ന് രേഖപ്പെടുത്തിയത് കേരളം എന്നാക്കി മാറ്റും.
ലോക്സഭയിൽ നിന്ന് ഭിന്നമായി വിശദമായ ചർച്ചയോടെയാണ് രാജ്യസഭയിൽ ബിൽ പാസാക്കിയത്. സഭയിൽ വരാത്ത കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ മലയാളി എം.പിമാർ ‘കേരളം (പേരുമാറ്റ) ബിൽ- 2026’ ചർച്ചക്കായി മാത്രം സഭയിലെത്തി.
കേരളം ബിൽ അവതരിപ്പിക്കാൻപോലും അമിത് ഷാ സഭയിൽ ഹാജരാകാത്തത് മലയാളി എം.പിമാർ ചോദ്യം ചെയ്തു. കേരളത്തോട് പേരുമാറ്റത്തിലുള്ള സ്നേഹം വികസനത്തിലും പദ്ധതി വിഹതങ്ങളിലും കാണുന്നില്ലെന്ന് യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാർ കുറ്റപ്പെടുത്തി. കേരളത്തിന് പ്രളയ സഹായം പോലും നൽകിയില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞജയ് സിങ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.