വി. അബ്ദുറഹിമാൻ
തിരുവനന്തപുരം: അർജന്റീനൻ ഫുട്ബാൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ രേഖകളും തെളിവുകളും പുറത്ത്. സംസ്ഥാന സർക്കാറിനെയും കായികവകുപ്പിനെയും നോക്കുകുത്തിയാക്കി മന്ത്രിയും സ്പോൺസർമാരും ചേർന്നാണ് ഇടപെടൽ നടത്തിയതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്പോൺസർക്കായി നേരിട്ട് വാദിക്കുന്ന വി. അബ്ദുറഹിമാന്റെ ഇ-മെയിൽ സന്ദേശവും മലപ്പുറത്തെ കോളജ് അധ്യാപികക്ക് മന്ത്രിയുടെ ഔദ്യോഗിക മെയിലുകളുടെ പകർപ്പ് അയച്ചെന്ന വിവരങ്ങളും പുറത്തുവന്നു.
2025 ഒക്ടോബർ 18ന് അർജന്റീന ഫുട്ബാൾ അസോസിയേഷന് (എ.എഫ്.എ) അയച്ച ഇ-മെയിൽ സന്ദേശത്തിൽ കരാർ റദ്ദാക്കിയ എ.എഫ്.എക്കെതിരെ മുൻമന്ത്രി രൂക്ഷപ്രതികരണം നടത്തി. വിഷയത്തിൽ സർക്കാറിനും ബാധ്യതയുണ്ടെന്ന് അദ്ദേഹം ഈ സന്ദേശത്തിൽ പറയുന്നു.
കായിക വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാതെ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി ആശയവിനിമയം നടത്തിയത് അബ്ദുറഹിമാൻ നേരിട്ടാണെന്ന് രേഖകളിൽനിന്ന് വ്യക്തം. ഇതിൽ ഗുരുതര ചട്ടലംഘനങ്ങളുണ്ടെന്നാണ് കായിക വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം കായികവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മുഖേനയാണ് എല്ലാ ആശയവിനിമയവും നടത്തിയതെന്നായിരുന്നു വി. അബ്ദുറഹിമാൻ കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നത്.
സൗഹൃദ മത്സര നടത്തിപ്പ് സ്പോർൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് (ആർ.ബി.സി) കൈമാറി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതിന് നാലുദിവസം മുമ്പ് ആർ.ബി.സിയും എ.എഫ്.എയുമായി കരാർ ഒപ്പിട്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. 2024 ഡിസംബർ 24നാണ് സർക്കാർ ഉത്തരവിറക്കിയത്.
എ.എഫ്.എയുമായുള്ള കരാറിൽ കേരളത്തിന്റെ ഭാഗത്തുനിന്ന് ആശയവിനിമയം നൽകിയത് വി. അബ്ദുറഹിമാന്റെ ഔദ്യോഗിക ഇ-മെയിൽ ഐ.ഡിയിലും സ്പോൺസറായ റിപ്പോർട്ടർ കമ്പനി എം.ഡിയുടെ ഇ- മെയിൽ വിലാസത്തിലുമാണ്. ആ കരാർ ലംഘിച്ചതിനെയാണ് മുൻമന്ത്രി രൂക്ഷമായി വിമർശിച്ചത്. എ.എഫ്.എയും ആർ.ബി.സിയും തമ്മിലുണ്ടാക്കിയത് വെറും വാണിജ്യകരാറല്ലെന്നും ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിലുണ്ടെന്നും മെയിലിൽ പറയുന്നു. കേരളത്തിന്റെ ഉറപ്പുകൾ അവഗണിച്ചതിൽ പ്രതിഷേധമുണ്ടെന്നും സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.