തിരുവനന്തപുരം: ബോർഡ്-കോർപറേഷൻ വിഭജനത്തിനുള്ള ഉഭയകക്ഷി ചർച്ചകളും കാബിനറ്റ് റാങ്കുള്ള പദവികളിലെ തീരുമാനവും ഉടനെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് യോഗം പിരിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഒന്നും നടന്നില്ല. ജൂലൈ അവസാനം ചേർന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾക്കായി വേഗത്തിൽ ചർച്ചകളാരംഭിക്കാൻ തീരുമാനിച്ചത്. യോഗ ശേഷം യു.ഡി.എഫ് നിലപാടിന് വിരുദ്ധമായി പി.എം ശ്രീ പദ്ധതി തുടരുമെന്ന മുന്നണി കൺവീനറുടെ ഏകപക്ഷീയ പ്രഖ്യാപനവും പിന്നാലെ തിരുത്തലുമെല്ലാം വിവാദമായി. ഇതോടെ തുടർ ചർച്ച നീക്കങ്ങൾ കെട്ടടങ്ങുകയും ചെയ്തു. കോൺഗ്രസ് ഉപസമിതി രൂപവത്കരിക്കുകയും അവർ ഘടകകക്ഷികളുമായി ബോർഡ് വിഭജനകാര്യത്തിൽ ചർച്ച നടത്തി തീരുമാനത്തിലെത്തുകയും ചെയ്യുമെന്നായിരുന്നു മുന്നണി യോഗത്തിലെ ധാരണ. എന്നാൽ, കോൺഗ്രസ് തലപ്പത്തെ നേതൃശൂന്യതയും അനാഥമായ സംഘടന സംവിധാനവും മൂലം ഇക്കാര്യങ്ങളിൽ ഒരടി പോലും മുന്നോട്ടുപോകാനായില്ല. ഇതിലാകട്ടെ ഘടകകക്ഷികൾക്ക് വലിയ അതൃപ്തിയുണ്ട്.
കാബിനറ്റ് റാങ്കുള്ള പദവികളുടെ കാര്യത്തിലും മെല്ലെപ്പോക്ക് തന്നെ. നിയമസഭയിലേക്ക് മത്സരിക്കാത്ത മുതിർന്ന നേതാക്കൾക്കാണ് കാബിനറ്റ് റാങ്കുള്ള പദവികൾ നീക്കിവെക്കാൻ മുന്നണിയിൽ ആലോചനയുള്ളത്. പി.ജെ. ജോസഫിനായി കേരള കോൺഗ്രസും എം.കെ. മുനീറിനായി ലീഗും ജി. ദേവരാജനായി ഫോർവേഡ് ബ്ലോക്കും കാബിനറ്റ് പദവി ആവശ്യപ്പെട്ടിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്ത ഘടകകക്ഷി നേതാവായ മാണി സി. കാപ്പനാണ് കാബിനറ്റ് പദവി പ്രതീക്ഷിക്കുന്ന മറ്റൊരാൾ. രണ്ട് മന്ത്രിസ്ഥാനം ചോദിച്ചെങ്കിലും ഒന്ന് മാത്രം കിട്ടിയതിനാലാണ് ജോസഫ് വിഭാഗത്തിന്‍റെ കാബിനറ്റ് ക്ലയിം. പക്ഷേ ഇതെല്ലാം അനിശ്ചിതമായി നീളുന്നു എന്നതാണ് നിലവിലെ സാഹചര്യം.
രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപമടക്കം നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഴുനീള യു.ഡി.എഫ് യോഗം വിളിക്കുമെന്ന തീരുമാനങ്ങൾക്കും തുടർചലനമുണ്ടായില്ല. നയപരമായ കാര്യങ്ങൾ മുന്നണി യോഗത്തിൽ ചർച്ച ചെയ്ത ശേഷമേ സർക്കാറിലേക്ക് എത്തൂ എന്ന മുഖ്യമന്ത്രിയുടെ നിലപാടിന്‍റെ പശ്ചാത്തലത്തിൽ ഇത്തരം നയപരമായ വൈകലുകൾ സർക്കാറിന്‍റെ പ്രവർത്തനങ്ങളെയും ബാധിക്കും.
പി.എം ശ്രീ, വീര്യം കുറഞ്ഞ മദ്യം എന്നിവയിലടക്കം മുന്നണിയിൽ അഭിപ്രായവ്യത്യാസം തുടരുകയാണ്. പുതിയ തരം മദ്യത്തിന് വിപണി തുറന്നുകൊടുക്കുന്നത് മദ്യലഭ്യത വർധിപ്പിക്കുമെന്ന വിമർശനമാണ് മുന്നണിക്കുള്ളിലുള്ളത്. അതേസമയം, സാമ്പത്തിക പ്രതിസന്ധിയടക്കം കാരണങ്ങൾ നിരത്തി ന്യായവാദങ്ങളുമുണ്ട്. അനുകൂലവും പ്രതികൂലവുമായ ഇത്തരം വാദമുഖങ്ങളെ ഒരു തീരുമാനത്തിലേക്ക് ഏകോപിപ്പിക്കാനുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.