തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് കേസുകൾ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് കോവിഡ് നെഗറ്റീവ് ആയി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ടും പേർക്കാണ് കോവിഡ് നെഗറ്റീവ് ആയത്.
കഴിഞ്ഞ ഒരുമാസക്കാലമായി പോസിറ്റീവ് കേസുകളില്ലാത്തതിനാൽ വയനാട് ജില്ലയെ ഗ്രീൻസോണിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇതിനിടയിലാണ് കേസ് സ്ഥിരീകരിക്കുന്നത്. ഇതോടെ വയനാട് ജില്ലയെ ഓറഞ്ച്സോണിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് 21894പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 21,494പേർ വീടുകളിലും 410പേർ ആശുപത്രികളിലുമാണ്. ഇന്ന് 80പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ, കോട്ടയം ജില്ലകളാണ് നിലവിൽ റെഡ്സോണിലുള്ളത്. അതേസമയം ആലപ്പുഴ, തൃശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റി. സംസ്ഥാനം അപകടനില തരണം ചെയ്തു എന്നുപറയാൻ സാധിക്കില്ല. സംസ്ഥാനത്ത് ആകെ 80 ഹോട്ട്സ്പോട്ടുകളാണുള്ളത്. പുതുതായി ഹോട്ട്സ്പോട്ടുകൾ ഇല്ല.
റെഡ്സോൺ ഒഴികെയുള്ളിടങ്ങളിൽ നിയന്ത്രണങ്ങളോടെ ഒരുനിലയുള്ള ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ തുറക്കാം. ഞായറാഴ്ച ഒരു സ്ഥാപനവും തുറക്കാൻ അനുവദിക്കില്ല. സിനിമ തീയേറ്ററുകൾ, ആരാധനാലയങ്ങൾ എന്നിവക്ക് നിയന്ത്രണം തുടരും. കേന്ദ്രനിർദേശമില്ലാത്തതിനാലാണ് ഓട്ടോറിക്ഷകൾ അനുമതി നൽകാത്തത്. ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതിയില്ല. അതേ സമയം ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷ മാനദണ്ഡങ്ങൾ ഉപയോഗിച്ച് മുടിവെട്ടാനുള്ള അനുമതിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.