തൃശൂര്‍: ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ വൈകാതെ ബി.ജെ.പിയിൽ ചേരുമെന്ന് മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച കെ.ആര്‍. ഔസേപ്പ്. മറ്റത്തൂരില്‍ നേരത്തെ തന്നെ ബി.ജെ.പി-കോണ്‍ഗ്രസ് ഡീല്‍ ഉണ്ടായിരുന്നുവെന്ന് വാർത്തസമ്മേളനത്തിൽ ഔസേപ്പ് ആരോപിച്ചു.
ബി.ജെ.പി സഖ്യ രൂപവത്കരണത്തിന് മുന്നോടിയായി കോണ്‍ഗ്രസ് തന്റെ പിന്തുണയും ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്രരുടെ പിന്തുണ കോണ്‍ഗ്രസിന് ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് സമീപിച്ചത്. ബി.ജെ.പി നമ്മളോടൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രനാണ് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ബി.ജെ.പി പിന്തുണയില്‍ വരുന്ന ഭരണസമിതിയില്‍ പ്രസിഡന്റ് ആക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, വര്‍ഗീയ ശക്തികളോടൊപ്പം കൂട്ടുകൂടില്ലെന്നാണ് തന്റെ എക്കാലത്തെയും നിലപാട്.
ബി.ജെ.പിയുടെ ഉറപ്പ് നേരത്തെ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. മറ്റത്തൂരില്‍ നിരവധി കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകും. ഇപ്പോള്‍ 15 ലക്ഷം രൂപ വാങ്ങിയാണ് താന്‍ എല്‍ഡി.എഫിനൊപ്പം നിന്നതെന്ന് കോണ്‍ഗ്രസ് കുപ്രചാരണം നടത്തുകയാണ്. ദീര്‍ഘകാലമായി താന്‍ കോണ്‍ഗ്രസുകാരനായിരുന്നു. നിലവില്‍ കോണ്‍ഗ്രസുകാരനല്ല. സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. സ്വതന്ത്രന്‍ ആയി പ്രബലനായ ബി.ജെ.പി സ്ഥാനാർഥിയോടാണ് മത്സരിച്ച് വിജയിച്ചത്. ന്യൂനപക്ഷങ്ങളുടെ ഉൾപ്പെടെ പിന്തുണയിലാണ് താന്‍ വിജയിച്ചത്. എൽ.ഡി.എഫുമായി സഹകരിക്കാന്‍ താന്‍ സ്വയം തീരുമാനിച്ചതാണ്. ഒരു കോണ്‍ഗ്രസ് എം.എല്‍.എയുടെ അളിയന്‍ മറ്റത്തൂരില്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്നും ഔസേപ്പ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.