മുഖ്യമന്ത്രിയടക്കം സമരത്തിന്, തെറ്റ് തിരുത്തലിന് പിന്നാലെ പ്രക്ഷോഭത്തിന് സി.പി.എം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തെറ്റുതിരുത്തലിന് പിന്നാലെ ജനങ്ങളിലേക്കിറങ്ങാനും കേന്ദ്രസർക്കാറിനെതിരെ പ്രക്ഷോഭമാരംഭിക്കാനും സി.പി.എം തീരുമാനം. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭമാണ് ആദ്യത്തേത്. ജനുവരി അഞ്ചിന് സംസ്ഥാനത്തെ 23,000 വാർഡുകളിലും തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി സംഘടിപ്പിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിക്കും. കക്ഷി രാഷ്ട്രീയത്തിന് അതീതമായിട്ടായിരിക്കും ഉദ്ഘാടനം. കേന്ദ്ര സർക്കാറിനെതിരെ കുറ്റപത്രവും തയാറാക്കും. ജനുവരി 15ന് തലസ്ഥാനത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച് സംഘടിപ്പിക്കും. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവർ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച പാർട്ടി റിപ്പോർട്ടിങ് ജനുവരി 15 ഓടെ പൂർത്തിയാക്കും. അതിന് ശേഷം ജനുവരി 15 മുതൽ 22 വരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദർശിക്കും. ഇക്കാലയളവിൽ എല്ലാ വാർഡുകളിലും കുടുംബയോഗങ്ങളും നടക്കും. പാർട്ടി നേതൃത്വം മുതൽ താഴേത്തട്ടിലുള്ളവർ വരെ ഒരാഴ്ചക്കാലം ഗൃഹസന്ദർശനത്തിനും ആശയവിനിമയത്തിനുമായി ചെലവിടും. തെരഞ്ഞെടുപ്പിലുണ്ടായ പരാജയമടക്കമ കാര്യങ്ങൾ ചർച്ച ചെയ്യും. 2400ലധികം വരുന്ന ലോക്കൽ കമ്മിറ്റി തലത്തിൽ പൊതുയോഗങ്ങൾ നടക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മറ്റത്തൂർ മുതൽ ശശി തരൂർ പരാമർശങ്ങൾ വരെ ചൂണ്ടിക്കാട്ടി കോൺഗ്രസിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കും. മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് പ്രതിനിധികൾ ബി.ജെ.പിക്കൊപ്പം ചേർന്ന് ഭരണം പിടിച്ചതാണ് പ്രധാനമായും ആയുധമാക്കുക. ഡി.സി.സി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പൂർണ പിന്തുണയോടെയാണ് കൂറുമാറ്റം നടന്നതെന്നും വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ഈ കൂറുമാറ്റത്തെ ന്യായീകരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.

അരുണാചലിലും ഗോവയിലും ത്രിപുരയിലുമെല്ലാം കണ്ട കാഴ്ചയുടെ കേരള മോഡലാണ് മറ്റത്തൂർ. മോദിയെ അനുകൂലിക്കുകയും നെഹ്റു കുടുംബത്തെയും കുടുംബവാഴ്ചയെ വിമർശിക്കുകയും ചെയ്ത ശശി തരൂർ കോൺഗ്രസിന്റെ ഭാഗമായി ഇപ്പോഴും നിലകൊള്ളുകയാണ്. ഏതു നിമിഷവും ഏത് കോൺഗ്രസുകാരനും ബി.ജെ.പിയിലേക്ക് ചേക്കാറാം എന്നതാണ് ഇത് വ്യക്തമാക്കുന്നത്. വാർഡ് മുതൽ പ്രവർത്തക സമിതി അംഗം വരെ ഈ പ്രവണതയിലാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - CPM protest pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.