സർവം മായം! ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ മിക്സ് ചെയ്ത വ്യാജമദ്യം; മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ബാറുകളിൽ വ്യാജമദ്യം വിൽക്കുന്നുവെന്നും ഇതിന് ചില എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നുമുള്ള പരാതികളെ തുടർന്ന് സംസ്ഥാന വ്യാപകമായി വിജിലൻസിന്‍റെ മിന്നൽ പരിശോധന. 66 ബാർ ഹോട്ടലുകളിലും ഇവയുമായി ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലുമായാണ് തിങ്കളാഴ്ച രാവിലെ 10 മുതൽ ‘ഓപറേഷൻ ബാർ കോഡ്’ എന്ന പേരിൽ പരിശോധന ആരംഭിച്ചത്.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മദ്യഉപയോഗം കൂടുതലുള്ള നാളുകളിൽ അമിതലാഭത്തിനായി ചില ബാർ ഹോട്ടലുകൾ അബ്‌കാരി നിയമവും വിദേശമദ്യ ചട്ടങ്ങളും ലൈസൻസ് വ്യവസ്ഥകളും ലംഘിച്ച് പ്രവർത്തിക്കുന്നതായും ക്രമക്കേടുകളിൽ നടപടി സ്വീകരിക്കേണ്ട എക്സൈസ് ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്ന് മാസപ്പടിയായി കൈക്കൂലി കൈപ്പറ്റി ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നതായുമാണ് വിജിലൻസിന് പരാതി ലഭിച്ചത്.

അന്യസംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും കുറഞ്ഞ വിലക്കുള്ള മദ്യം അനധികൃതമായി കടത്തികൊണ്ടുവന്ന് ബാറുകളിലൂടെ വിൽപന നടത്തുന്നതായും കടത്തികൊണ്ടുവരുന്ന മദ്യവും ബിവറേജസ് കോർപറേഷൻ വഴി വാങ്ങുന്ന മദ്യവും സ്പിരിറ്റും കലർത്തി ചില ബാറുകളിൽ ‘സെക്കന്റ്സ്’ എന്ന പേരിൽ അറിയപ്പെടുന്ന അനധികൃത വ്യാജ മദ്യ വിൽപന നടന്നുവരുന്നതായുള്ള വിവരം ലഭിച്ചു. ഹോട്ടലുകളിൽ നിന്നും എക്സൈസ് ഓഫീസുകളിൽ നിന്നും നിരവധി രേഖകകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും ബാർ മുതലാളിമാരുടെയും ബാക്ക് അക്കൗണ്ട് വിവരങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

Tags:    
News Summary - vigilance inspection in bar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.