കേരളത്തിന്റെ കോസ്മോപൊളിറ്റൻ സംസ്കാരം പുരാതന കാലം മുതലുള്ളതെന്ന് പ്രഫ. റോമില ഥാപ്പർ

തിരുവനന്തപുരം: കേരളത്തിന്റെ കോസ്മോപൊളിറ്റൻ സംസ്കാരം ഇപ്പോൾ ഉണ്ടായതല്ലെന്നും കടൽ വഴി വിദേശികളുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളിലൂടെ പണ്ടുമുതൽക്കേ കേരളം അത്തരം ആധുനിക സംസ്കാരം വച്ചുപുലർത്തിയെന്ന് ചരിത്രകാരി പ്രഫ. റോമില ഥാപ്പർ. കേരളീയം പരിപാടിക്ക് ആശംസ നേർന്ന് ഉദ്ഘാടന വേദിയിൽ വീഡിയോ വഴി സംസാരിക്കുകയായിരുന്നു അവർ.

അന്യസംസ്ഥാനക്കാർ വന്ന് കേരളത്തെ തങ്ങളുടെ ഇടമാക്കുന്നത് സംസ്ഥാനത്തിന്റെ സാംസ്കാരികതയെ പരിപോഷിപ്പിക്കുന്നു. സാക്ഷരതയിലെ ഉയർന്ന നിലവാരം കൂടുതൽ യുക്തിപൂർവം ചിന്തിക്കാനും തുറന്ന മനസോടെ ഇടപഴകാനും സഹായിക്കുന്നു, പ്രൊഫ ഥാപ്പർ പറഞ്ഞു.

കേരളത്തിലെ സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് കേരളത്തിനുള്ളിലെ എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് താനെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ് സോമനാഥ് വീഡിയോ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ബഹിരാകാശ രംഗത്ത് പ്രവർത്തിക്കാനായതാണ് ഏറ്റവും വലിയ ഭാഗ്യം. ഭാരതീയൻ എന്നതിനൊപ്പം മലയാളി എന്ന നിലയിൽ ഏറ്റവും അഭിമാനം ഉൾകൊള്ളുന്നു.

വരും വര്‍ഷങ്ങളില്‍ സാമ്പത്തിക സാമൂഹ്യ പുരോഗതി നേടാനായി പുതിയ പാത തുറക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനും കേരളീയം 2023ന് കഴിയും. നവകേരളത്തിനായുള്ള വഴിത്താരകള്‍ വെട്ടിത്തുറക്കാന്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക വൈവിധ്യങ്ങളെയും നേട്ടങ്ങളെയും അവതരിപ്പിക്കുന്ന കേരളീയത്തിലെ ചര്‍ച്ചകള്‍ വഴിതുറക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

മലയാളി എന്നത് അഭിമാനമായാണ് കാണുന്നതെന്ന് മുൻ അഡ്വക്കേറ്റ് ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. മികച്ച ഭരണം കാഴ്ചവെച്ചതിനുള്ള അംഗീകാരം, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്, രാജ്യത്തിലെ തന്നെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സംസ്ഥാനം എന്നിവയ്ക്ക് നീതി ആയോഗിന്റേത് ഉൾപ്പെടെ നിരവധി കീർത്തികൾ നേടിയ കേരളത്തിന്റെ മഹിമ വേണുഗോപാൽ എടുത്തുപറഞ്ഞു. കേരളീയം പരിപാടിയിലേക്ക് വിശിഷ്ടാതിഥിയായി തന്നെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

Tags:    
News Summary - Kerala cosmopolitan culture dates back to ancient times. Prof. Romila Thapar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.