കോഴിക്കോട്: കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തെക്കുറിച്ച് ചർച്ച സജീവമായിരിക്കെ, വിഷയത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കേരള കോൺഗ്രസ് (എം) വന്നാൽ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യോജിക്കാൻ പറ്റുന്ന എല്ലാവരുമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസ് എം യു.ഡി.എഫിലേക്ക് വരുന്നത് ഗുണം ചെയ്യുമോ എന്ന ചോദ്യത്തോട്, യു.ഡി.എഫിലേക്ക് ആര് വന്നാലും അത് ഗുണമാണെന്നും യു.ഡി.എഫിന്‍റെ അടിത്തറയാണ് വിപൂലീകരിക്കപ്പെടുക എന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്‍റെ ആശയങ്ങളുമായി യോജിക്കുന്ന ജനാധിപത്യ മതേതര വിശ്വാസികളായ എല്ലാ വിഭാഗങ്ങളെയും യു.ഡി.എഫ് സ്വീകരിക്കും -അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയിൽ യു.ഡി.എഫിന്‍റെ സീറ്റ് ചർച്ചകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു, അതില്‍ അഭൂതപൂര്‍വമായ വിജയമാണ് ലഭിച്ചത്. ഇനി ഫൈനലാണ്. മുസ്‌ലിം ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് യു.ഡി.എഫില്‍ നല്ല രീതിയിലുള്ള ചർച്ച നടക്കും. വിജയസാധ്യത മാത്രം പരിഗണിച്ച് സീറ്റുകൾ വെച്ചുമാറാൻ സാധ്യതയുണ്ട്. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യു.ഡി.എഫില്‍ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ലീഗ് തയാറല്ല -അദ്ദേഹം അറിയിച്ചു.
മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിബന്ധന ബാധകമാക്കിയിട്ടില്ല. മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെയെന്നത് ഇതുവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാധമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.