തെരുവിലെ മുഖ്യമന്ത്രിപ്പോര്: പ്രകടനങ്ങൾ നിലച്ചു, ഫ്ലക്സുകൾ നീക്കി

തിരുവനന്തപുരം: തെരുവിലെ മുഖ്യമന്ത്രിപ്പോരിനെതിരെ ഹൈകമാൻഡ് നിർദേശവും നേതാക്കളുടെ ഒന്നിച്ചുള്ള ആഹ്വാനവും വന്നതിന് പിന്നാലെ ഫ്ലക്സ് യുദ്ധവും പ്രകടനങ്ങളും സ്വിച്ചിട്ടപോലെ നിലച്ചു.

ഡൽഹിയിലെ കൂടിക്കാഴ്ചക്ക് ശേഷം വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവർ സംയുക്തമായി മാധ്യമങ്ങളെ കണ്ട് തെരുവിലെ പ്രകടനങ്ങളിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രകടനങ്ങളൊന്നും നടന്നില്ല. സമൂഹമാധ്യമങ്ങളിൽ പക്ഷം പിടിച്ച് കത്തിക്കയറിയ മുഖ്യമന്ത്രി ചർച്ചയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും സെക്രട്ടേറിയറ്റിലുമടക്കം സ്ഥാപിച്ച ബോർഡുകൾ ശനിയാഴ്ച രാത്രി തന്നെ നീക്കി. ചിലതാകട്ടെ ആളുകൾ കാണാതിരിക്കാൻ പുറം തിരിച്ച് വെച്ചു. പുതിയ ഫ്ലക്സുകൾ എങ്ങും പ്രത്യക്ഷപ്പെട്ടില്ല.

കർശന മുന്നറിയിപ്പിന് ശേഷവും പരസ്യനീക്കമുണ്ടായാൽ തങ്ങളുടെ നേതാക്കളെ ബാധിക്കുമെന്ന് വന്നതോടെയാണ് അണികളും അടങ്ങിയത്. മുഖ്യമന്ത്രിയാര് എന്നതിൽ നേതാക്കളെ അനുകൂലിച്ചുള്ള ഫ്ലക്സുകളായിരുന്നു ആദ്യം. പിന്നീട് അത് എതിരാളിയെ ഉന്നം വെക്കുംവിധമായതോടെയാണ് ഹൈകമാൻഡ് ഇടപ്പെട്ടത്. ഇക്കാര്യത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഇതിനിടെ, പ്രകടനങ്ങൾക്കു നേതൃത്വം നൽകിയ പാർട്ടി ഭാരവാഹികൾക്കെതിരെ നടപടിയെടുക്കാൻ ജില്ല നേതൃത്വങ്ങൾക്ക് കെ.പി.സി.സി നിർദേശം നൽകി. ഏതെങ്കിലും നേതാവിനെ അനുകൂലിച്ചു പ്രകടനമോ മുദ്രാവാക്യമോ പാടില്ലെന്ന കെ.പി.സി.സി നിർദേശം വന്ന ശേഷവും പ്രകടനം നടന്ന സാഹചര്യത്തിലാണ് ഇത്. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പ്രകടനത്തിൽ കെ.സി.വേണുഗോപാലിന്റെ ഫ്ലെക്സ് നശിപ്പിച്ചത് വിവാദമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ കൂടി ചിത്രമുള്ള ഫ്ലെക്സ് ആയിരുന്നു ഇത്. കോൺഗ്രസിലെ തെരുവുയുദ്ധത്തിൽ ഘടകകക്ഷികൾ അതൃപ്തിയിലായിരുന്നു. ജനരോഷം ഉയർന്നാൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വേഗത്തിൽ തീരുമാനം വേണമെന്നുമാണ് അവരുടെ നിലപാട്.

Tags:    
News Summary - Kerala CM: High Command Steps In: Congress Workers Remove CM Posters, Halt Rallies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.