പി.കെ. ബഷീർ കുടുംബത്തോടൊപ്പം
മലപ്പുറം: മുസ്ലിം ലീഗ് നേതൃനിരയിൽ പ്രമുഖനായിരുന്ന പിതാവ് പി. സീതിഹാജിയുടെ പിന്തുടർച്ചക്കാരനായി രാഷ്ട്രീയത്തിലെത്തിയ പി.കെ. ബഷീറിന്, പാർട്ടിയോടുള്ള പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് മന്ത്രിപദവി. സീതിഹാജിക്ക് മന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിലും പതിറ്റാണ്ടുകൾക്കുശേഷം മകനിലൂടെ ആ ആഗ്രഹം പൂവണിയുമ്പോൾ എടവണ്ണ പത്തപ്പിരിയത്തെ ‘ഫിർദൗസ് ഹൗസി’ൽ ആഹ്ലാദം അലതല്ലുകയാണ്. വയനാട് ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിയടക്കം പാർട്ടിയേൽപിച്ച ചുമതലകൾ ഭംഗിയായി നിർവഹിച്ചതിനുള്ള സമ്മാനം കൂടിയാണിത്.
ഏറനാട് മണ്ഡലത്തെ തുടർച്ചയായി നാലു തവണ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന പി.കെ. ബഷീറിന് അർഹിച്ച അംഗീകാരമാണിത്. ഏറനാടൻ ശൈലിയിലെ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനാണ് 66കാരനായ പി.കെ. ബഷീർ. 2011ൽ ഏറനാട് മണ്ഡലം രൂപവത്കരിച്ചതു മുതൽ അവിടെനിന്നുള്ള എം.എൽ.എയാണ്.
മുൻ എം.എൽ.എയും ചീഫ് വിപ്പുമായിരുന്ന സീതി ഹാജിയുടെയും ഫാത്തിമയുടെയും മകനായി 1959 സെപ്റ്റംബർ 25ന് മലപ്പുറം എടവണ്ണയിലാണ് ജനനം. 1977ൽ എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. മുസ്ലിം യൂത്ത് ലീഗ് വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് എറനാട് നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പടിപടിയാണ് പാർട്ടിയിലെ വളർച്ച. 2004 മുതൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്.
എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ല പഞ്ചായത്ത് അംഗം, എടവണ്ണ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മലപ്പുറം ജില്ല സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നടപ്പാക്കിയ ടൗൺഷിപ് പദ്ധതിക്ക് ചുക്കാൻ പിടിച്ച് സമയബന്ധിതമായി പദ്ധതി പൂർത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രവൃത്തിക്ക് മേൽനോട്ടം വഹിച്ച പി.കെ. ബഷീറിനുണ്ട്. എം.എൽ.എ എന്ന നിലക്ക് നിയമസഭ ആരോഗ്യവിഭാഗം സബ്ജക്ട് കമ്മിറ്റി, നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, അഷ്വറൻസ് കമ്മിറ്റി, പരിസ്ഥിതി കമ്മിറ്റി, പെറ്റീഷൻ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. ഭാര്യ: റസിയ ബഷീർ. മക്കൾ: ജിഹാൻ ഹാരിദ്, നഹാൻ അസ്ഹർ, സജിൻ സീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.