കേരള മനസാക്ഷിയെ നടുക്കി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാകങ്ങള്‍ അപലപനീയമാണെന്ന്​ കോൺഗ്രസ്​ സംസ്​ഥാന അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം. എസ്​.ഡി.പി.ഐ -ആർ.എസ്​.എസ്​ എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പോലുള്ള മതേതര പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി ഫാസിസ്റ്റ് വര്‍ഗീയനിലപാടുകള്‍ മാത്രമുള്ള ഈ രണ്ടു കൂട്ടരുടേയും സഹായം തേടിയിരുന്നു.

അതിനാല്‍ ആർ.എസ്​.എസ്​-എസ്​.ഡി.പി.ഐ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പൊലീസും കാട്ടിയ കുറ്റകരമായ അനാസ്ഥയുടെ ഫലമാണ് ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങള്‍. ആർ.എസ്​.എസും എസ.ഡി.പി.ഐയും പലപ്പോഴും പ്രകോപനപരമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അതിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലെ തലശ്ശേരിയില്‍ പരസ്യമായി ബി.ജെ.പി പ്രവര്‍ത്തകര്‍ മുസ്​ലിം വിരുദ്ധ മുദ്രാവാക്യം പ്രകടനം നടത്തിയിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല.

ഇടതുഭരണത്തില്‍ അക്രമപരമ്പരകളും കൊലപാതകങ്ങളും തുടര്‍ക്കഥയായി. ഗുണ്ടകളും രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്. സംസ്ഥാനത്തെ പൊലീസ് ഇന്‍റലിജന്‍സ് സംവിധാനം നോക്കുകുത്തിയായെന്നും സുധാകരന്‍ പറഞ്ഞു. തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ബി.ജെ.പി- ആർ.എസ്​.എസിനോടും എസ്​.ഡി.പി.ഐയോടും മുഖ്യമന്ത്രി കാട്ടുന്ന രാഷ്ട്രീയ വിധേയത്വ അടിമത്തമാണ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇരുകൂട്ടര്‍ക്കും പ്രചോദനം നല്‍കുന്നത്. കേരളത്തിന്‍റെ മതസൗഹാര്‍ദ്ദത തകര്‍ത്ത് ഇത്തരം വര്‍ഗീയ ശക്തികളെ വളര്‍ത്തിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഇനിയെങ്കിലും വര്‍ഗീയ ശക്തികളുമായുള്ള രഹസ്യബാന്ധവം ഉപേക്ഷിച്ച് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സി.പി.എമ്മും കേരളസര്‍ക്കാരും തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.


അക്രമികളെ അമർച്ച ചെയ്യാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് വി.ഡി. സതീശൻ

കൊച്ചി: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ വർഗീയവിഷം വിതക്കാൻ ശ്രമിക്കുന്ന രണ്ട് സംഘടനകളുടെ നേതൃത്വത്തിലാണ് കൊലപാതകങ്ങൾ നടക്കുന്നത്. ഇത് വിഭാഗീയതക്കും മതവേർതിരിവിനും വേണ്ടി മനഃപൂർവം നടത്തുന്ന ഗൂഢാലോചനയാണ്. ഇരുവരും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ഈ രണ്ട് ശക്തികളെയും കേരളത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള വികാരമാണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോഴാണ് വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നത്. മുഖ്യമന്ത്രി സോഷ്യൽ എൻജിനീയറിങ് എന്ന പേരിൽ നടത്തുന്ന വർഗീയ പ്രീണനനയങ്ങളും ഇത്തരം സാഹചര്യത്തിന് വഴിവെച്ചിട്ടുണ്ട്. കേരളത്തെ വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമത്തെ കോൺഗ്രസും യു.ഡി.എഫും ചെറുത്തു തോൽപിക്കും. അക്രമങ്ങളെയും കൊലപാതകങ്ങളെയും പൂർണമായി അമർച്ച ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. സർക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയാൽ അതിനെ പ്രതിപക്ഷം പിന്തുണക്കുമെന്നും സതീശൻ വ്യക്തമാക്കി.

കേരളത്തിൽ ഭരണത്തിലുള്ള സി.പി.എം ഈ രണ്ട് ശക്തികളെയും മാറിമാറി പുണരുകയാണ്. കോട്ടയം ജില്ലയിൽ യു.ഡി.എഫ് ഭരണം അട്ടിമറിക്കാൻ എസ്.ഡി.പി.ഐയെയും ബി.ജെ.പിയെയും സി.പി.എം കൂട്ടുപിടിച്ചു. എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിന്‍റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ പൊലീസ് ജാഗ്രത കാണിച്ചില്ല.

ചാവക്കാട്ടെ പുന്ന നൗഷാദിന്‍റെ വധത്തിലെ പ്രതികളായ എസ്.ഡി.പി.ഐക്കാരെ പിടിക്കാനും ശ്രമിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം ഉണ്ടാക്കിയ ചില ധാരണകൾ ഇരുവിഭാഗങ്ങളെയും സഹായിക്കുന്നതിൽ കാരണമായിട്ടുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

പിണറായി ഗ്യാലറിയിലിരുന്നു കളി കാണുന്നുവെന്ന് യൂത്ത് കോൺഗ്രസ്

ആർ.എസ്.എസസ്-എസ്.ഡി.പി.ഐ ഗുണ്ടാസംഘങ്ങൾ പരസ്പരം വെട്ടിക്കൊല്ലുമ്പോൾ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ ഗ്യാലറിയിലിരുന്നു കളി കാണുന്നു. ഭരണതുടർച്ച ക്രിമിനലുകൾക്ക് എന്തും ചെയ്യുവാനുള്ള ലൈസൻസ് ആയി മാറിയിരിക്കുന്നു. ഇടതുപക്ഷ സർക്കാറിന്‍റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും തരിമ്പും ധാർമ്മിക ബോധമില്ലാത്ത, ക്രമസമാധാനം നിലനിർത്താൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

Tags:    
News Summary - Kerala became a bloodbath during Pinarayi's rule: K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.