പിണറായി വീണ്ടും മുഖ്യമന്ത്രിയാകണം -വെള്ളാപ്പള്ളി

ആലപ്പുഴ: പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി ആവണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എൻ.ഡി.എക്ക് വോട്ട് കൂടിയാലും അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്ന് പറയാനാകില്ല. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വാശിയും സമ്പത്തും എല്ലാവരും ഇറക്കിയുള്ള മത്സരമാണ് നടക്കുന്നതെന്നും ആലപ്പുഴയില്‍ വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ ജെ.ചിത്തരഞ്ജന്‍ ജയിക്കുമെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ കേരളത്തില്‍ ആകെയുള്ള തെരഞ്ഞെടുപ്പുഫലം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണമിറക്കി നടത്തിയ പ്രചാരണവും വാശിയേറിയ പോരാട്ടവുമാണ് ഇക്കുറി നടന്നത്. ശക്തമായ ത്രികോണമല്‍സരമാണ് പല മണ്ഡലങ്ങളിലും. നൂറ് സീറ്റ് നേടും എന്ന അവകാശവാദങ്ങളെല്ലാം നടക്കുമോയെന്ന് കാത്തിരുന്നു കാണാം.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് ‘എംഎല്‍എ എന്ന നിലയില്‍ പാസായി വന്നുകഴിഞ്ഞാല്‍ എല്ലാവരും യോഗ്യരല്ലേ? ആരെങ്കിലും അയോഗ്യരാണെന്ന് ഞാന്‍ പറഞ്ഞാല്‍ ശരിയാണോ’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുചോദ്യം. ‘കോണ്‍ഗ്രസില്‍ മൂന്നുനാലുപേര്‍ മുഖ്യമന്ത്രിയാകാന്‍ നടക്കുന്നുണ്ട്. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും വരുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോരോ ആഗ്രഹങ്ങളുണ്ടാകാം. അത് വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും മറ്റുപലര്‍ക്കും കാണും. അത് സ്വാഭാവികമാണ്. അതിനെപ്പറ്റി ഞാന്‍ ഒന്നും പറയുന്നില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഇപ്പോള്‍ത്തന്നെ പേരിടേണ്ട കാര്യമുണ്ടോ. ആദ്യം കുഞ്ഞ് ജനിക്കട്ടെ...’ -വെള്ളാപ്പള്ളി പറഞ്ഞു.

Tags:    
News Summary - kerala assembly election 2026: vellappally pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.