കാന്തപുരത്തിനെയോ ആരെയെങ്കിലുമോ പിടിച്ച് സി.പി.എം ഭരണത്തിലെത്തും, ഏത് ചെകുത്താനെയും കൂട്ട് പിടിക്കുന്ന സമയമാണിത് -വെള്ളാപ്പള്ളി

ആലപ്പുഴ: എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്ന് വെള്ളാപ്പള്ളി നടേശൻ. നിലവിൽ എൽ.ഡി.എഫിന് 66 സീറ്റ് ഉറപ്പാണ്. ബാക്കി അഞ്ചു സീറ്റ് അവരുടെ ബുദ്ധിയും ശക്തിയും ഉപയോഗിച്ചുകൊണ്ട് കാന്തപുരത്തിനെയോ ആരെയെങ്കിലുമൊക്കെയോ പിടിച്ച് പിടിക്കും. ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് സീറ്റ് മേടിക്കാൻ നടക്കുന്ന സമയമാണല്ലോ. ഇപ്പോ ആദർശ ശുദ്ധി ഒന്നും ഒരുകാര്യത്തിലും ആർക്കുമില്ല. എവിടെയെങ്കിലും ഒന്നിനെ പിടിച്ചു കൂട്ടികഴിയുമ്പോൾ രണ്ടെണ്ണം എടുത്ത് ചാടും -വെള്ളാപ്പള്ളി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആണും പെണ്ണും കെട്ട രീതിയിലുള്ളതാണ് രാഷ്ട്രീയക്കാർ എന്നും അദ്ദേഹം പറഞ്ഞു. ‘100 സീറ്റ് കിട്ടിയില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിൽ പോകുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. അങ്ങനെയെങ്കിൽ അദ്ദേഹം ഇപ്പോഴേ വനവാസത്തിൽ പോകേണ്ടി വരും. കാരണം 100 സീറ്റ് ഇവിടുത്തെ യുഡിഎഫിന് കിട്ടുമെങ്കിൽ അന്ന് ലോകാവസാനമാണ്. സൂര്യൻ പടിഞ്ഞാറ് ഉദിക്കും. മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫിനെ തിരിച്ചു കൊണ്ടുവന്നില്ലെങ്കിൽ വനവാസത്തിൽ പോകുമെന്ന് അദ്ദേഹം തിരുത്തി പറഞ്ഞു. എന്നാൽ, അന്ന് പറഞ്ഞത് ഇന്നും ലൈവ് ആയിട്ട് കിടപ്പുണ്ട് പലയിടത്തും. അതാണ് സതീശൻ. ഞങ്ങൾ ഒരു നിലപാടിൽ നിന്നാൽ, ഒരു കാര്യം പറഞ്ഞാൽ, ഞാൻ പറഞ്ഞതാണെന്ന് തന്നെ പറയും. അതല്ലേ ആണത്തം. ഇതൊക്കെ കൊണ്ടാണ് ആണും പെണ്ണും കെട്ട രീതിയിലുള്ളതാണ് രാഷ്ട്രീയക്കാരൻ എന്ന് പറയുന്നത്’ -വെള്ളാപ്പള്ളി പറഞ്ഞു.

കോൺഗ്രസിൽ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. വി.ഡി. സതീശൻ വെറും ബഫൂണാണ്. കേരള രാഷ്ട്രീയത്തിലെ ജോക്കറാണ്. കെ. സുധാകനെ സതീശന്‍റെ നേതൃത്വത്തിൽ വേട്ടയാടുകയാണ്. ഒന്നാം പിണറായി സർക്കാർ സൂപ്പർ ഭരണമായിരുന്നു. എന്നാൽ, അന്നത്തെ മികവും അതിന്‍റെതായ പ്രതിഫലനവും ജനങ്ങളിലെത്തിക്കാൻ രണ്ടാം പിണറായി സർക്കാറിനായില്ല. പല മന്ത്രിമാർക്കും പോരായ്മകളുണ്ടായിരുന്നു. സാഹചര്യം നോക്കുകയാണെങ്കിൽ ഇടതുപക്ഷ ഭരണം മൂന്നാമതും വരില്ലെന്ന് പറയാനാകില്ല. എന്നാൽ, കഴിഞ്ഞ തവണത്തെ അത്രയും സീറ്റ് കിട്ടുമെന്ന് എനിക്ക് പറയാനാകില്ല. കോൺഗ്രസിൽ എപ്പോഴും കലഹങ്ങളാണ്. എം.പിമാരായ കെ. സുധാകരനും അടൂർ പ്രകാശും വലിയ പ്രതിഷേധത്തിലാണ്. യു.ഡി.എഫിൽ എല്ലാവരും നേതാക്കളാണ്. പരസ്പരം കാലുവാരുകയാണ്’ -വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - kerala assembly election 2026: vellappally natesan cpm kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.