കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജ് മരണപ്പെട്ട് മൂന്ന് മാസം കഴിയുന്നതിനിടെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന്‍റെ ജാമ്യ ഹരജി തിങ്കളാഴ്ച സുപ്രീം കോടതിയും തള്ളി. ഇതോടെ പ്രതിയെ പിടികൂടാൻ ക്രൈം ബ്രാഞ്ച് കണ്ണൂർ, കാസർകോട് റേഞ്ച് എസ്.പി കെ.വി.വേണുഗോപാലിന്‍റെ മേൽനോട്ടത്തിൽ ഊർജിത അന്വേഷണമാണ് തുടങ്ങിയത്.
എത്രയും വേഗം ആന്ധ്രയിലെത്തി റാമിനെ പിടികൂടാൻ ഡിവൈ.എസ്.പി കെ. സുധീറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായാണ് വിവരം. ചൊവ്വാഴ്ച തന്നെ അന്വേഷണ സംഘം റാമിനെത്തേടി ആന്ധ്രയിലേക്ക് പോകും.
പ്രതിയുടെ താമസ സ്ഥലത്തെ പറ്റിയടക്കം കൃത്യമായ വിവരങ്ങൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. കീഴ് ക്കോടതികൾ ജാമ്യം തള്ളിയതിനു പിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്നാണ് അറസ്‌റ്റ് നടപടികൾ വൈകിയത്. ഇനി മറ്റ് തടസങ്ങളില്ലാത്തതിനാൽ ഉടൻ റാമിനെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്തെങ്കിലും പ്രതി എവിടെയുണ്ടെന്ന വിവരമൊന്നും ലഭിച്ചില്ല. ഉപയോഗിച്ച ഫോണുകൾ പിന്നീട് പരിശോധിച്ചെങ്കിലും അത് പ്രവർത്തന രഹിതമായിരുന്നു. അതിനിടെ ജൂൺ 12 വരെ റാമിനെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദ്ദേശമുണ്ടായതിനാൽ അതുവരെ കാത്തിരിക്കേണ്ടിയും വന്നു.
പിന്നാലെ വീണ്ടും അന്വേഷണ സംഘം റാമിനെത്തേടി ആന്ധ്രയിലെത്തി പ്രതിയുടെ താവളം കണ്ടെത്തിയെങ്കിലും അറസ്‌റ്റ് നടന്നില്ല. അതിനിടെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത് മുതൽ എസ്.പി പി . .ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണ്അന്വേഷണം നടന്നിരുന്നത്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ സ്ഥലം മാറ്റി വേണുഗോപാലിനെ നിയമിച്ചത്. നിതിന്‍റെ മരണശേഷം തുടക്കം മുതലുണ്ടായ കേസന്വേഷണത്തിനെതിരെ ബന്ധുക്കൾ പരാതി ഉന്നയിച്ചതോടെയാണ് കഴിഞ്ഞ സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നത്. പിന്നാലെ കഴിഞ്ഞ മാസമാണ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവൻ ചോടത്ത്, എസ്.ഐ സുധീഷ്, എ.എസ്.ഐ പുരുഷോത്തമൻ എന്നിവരടങ്ങുന്ന സംഘം തിരുവനന്തപുരത്തെ വീട്ടിലെത്തി നിധിൻരാജിന്‍റെ പിതാവ് രാജൻ, സഹോദരിമാർ, സഹോദരീ ഭർത്താവ്, പിതൃസഹോദരൻ തുടങ്ങി ആറുപേരുടെ മൊഴിയെടുത്തത്.
ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് മരിച്ചതെന്ന് എല്ലാവരും മൊഴി നൽകിയിരുന്നു. അതേ സമയം നിതിൻ മരിക്കുന്നതിന് നാളുകൾക്ക് മുന്നേ മാത്രമാണ് അധ്യാപകനായ റാമുമായി നേരിൽക്കണ്ടതെന്ന വിവരവും ലഭിച്ചിരുന്നു. രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ആദ്യ അന്വേഷണ സംഘം അവരെ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ 10 നാണ് നിതിൻ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ലോൺ ആപ്പ് ചതിയിൽ കുടുക്കിയതിനാൽ അതുമായി ബന്ധപ്പെട്ട മൂന്ന് പേരെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു. ഈയാഴ്ച തന്നെ റാമിനെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.