കേരള ഹൈകോടതി
കൊച്ചി: ആറന്മുള വിമാനത്താവള ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിനെതിരെ ഹൈകോടതിയുടെ സ്റ്റേ ഉത്തരവിൽ എൽ.ഡി.എഫ് സർക്കാർ അടയിരുന്നത് ഏഴര വർഷം. സ്റ്റേ നീക്കാൻ ഒന്നും ചെയ്യാതിരുന്നതോടെയാണ് ഭൂമി മുൻ ഉടമ മൗണ്ട്സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിലിന്റെ പക്കലായത്. കേസ് ഇപ്പോഴും ഹൈകോടതി സിംഗിൾ ബഞ്ചിന്റെ പരിഗണനയിലാണ്.
സ്റ്റേ ഉത്തരവിനെതിരെ ഒന്നും ചെയ്യാതിരുന്നതിൽ സി.പി.ഐക്കും പങ്കുണ്ട്. ഇപ്പോൾ വിമാനത്താവള പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് കലമണ്ണിൽ എബ്രഹാം വന്നതിന് പിന്നാലെ അതിനെ ചെറുത്തുതോൽപ്പിക്കുമെന്ന നിലപാടുമായി മുൻമന്ത്രി പി. പ്രസാദും പത്തനംതിട്ടയിലെ സി.പി.എം നേതാക്കളും രംഗത്തെത്തിയതോടെ മിച്ചഭൂമി കേസിൽ തുടർനടപടിയുമെടുക്കാതെ ഭൂമി കലമണ്ണിൽ എബ്രഹാമിന് കൈവശം വക്കാൻ അവസരം നൽകിയ എൽ.ഡി.എഫ് സർക്കാർ നടപടി ചർച്ചയാകുകയാണ്.
സി.പി.ഐ നേതാവും അഡീഷനൽ അഡ്വ. ജനറലുമായിരുന്ന അഡ്വ. രഞ്ജിത് തമ്പാനാണ് കേസിൽ സർക്കാറിനുവേണ്ടി കോടതിയിൽ ഹാജരായിരുന്നത്. സിംഗിൾ ബഞ്ചിന്റെ സ്റ്റേ ഉത്തരവിനെതിരെ അപ്പീൽ പോകാൻ പോലും സർക്കാർ തയാറായില്ല.
ഭൂപരിഷ്കരണ നിയമത്തിലെ പരിധി ലംഘിച്ച് ഭൂമി വാങ്ങികൂട്ടിയതിന് കലമണ്ണിൽ എബ്രഹാമിനെതിരെ കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമി കേസ് എടുത്തത് 2012 ജൂലൈ മൂന്നിനായിരുന്നു. ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന 15 ഏക്കർ എന്ന പരിധി ലംഘിച്ച് കലമണ്ണിൽ എബ്രഹാം വാങ്ങികൂട്ടിയ 232 ഏക്കർ ഭൂമി പിന്നീട് വിമാനത്താവള പദ്ധതിയിലെ പാർട്ട്ണറായ കെ.ജി.എസ് ഗ്രൂപ്പിന് മറിച്ച് വിൽക്കുകയായിരുന്നു. 2013 ഏപ്രിൽ 10ന് ഈ ഭൂമി മിച്ചഭൂമിയായി താലൂക്ക് ലാൻഡ് ബോർഡ് പ്രഖ്യാപിച്ചു.
ഈ ഉത്തരവ് 2013 നവംബർ 27ന് റദ്ദാക്കിയ ഹൈകോടതി എതിർ കക്ഷികളുടെ വാദം കൂടി കേട്ട് ആറ് മാസത്തിനകം വീണ്ടും തീരുമാനമെടുക്കാൻ ലാൻഡ്ബോർഡിന് നിർദേശം നൽകി. ലാൻഡ് ബോർഡ് പുതിയ തീരുമാനം എടുക്കുന്നത് നീണ്ടുപോയി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 2014ൽ വിമാനത്താവള പദ്ധതിക്ക് സർക്കാർ നൽകിയ എല്ലാ അനുമതികളും റദ്ദാക്കി.
2017 ജൂലൈ 12ന് ലാൻഡ് ബോർഡ് 293 ഏക്കർ മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഏഴ്ദിവസത്തിനകം ഭൂമി സർക്കാറിൽ നിക്ഷിപ്തമാക്കണമെന്നാവശ്യപ്പെട്ട് പുതിയ ഉത്തരവിറക്കുകയും ചെയ്തു. ഈ ഉത്തരവ് പൂഴ്ത്തിവെക്കപ്പെട്ടതിനാൽ 27 ദിവസം കഴിഞ്ഞാണ് വില്ലേജ് ഓഫിസർമാർ നടപടിക്ക് ഇറങ്ങിയത്. ആഗസ്റ്റ് എട്ട്, 11 ദിവസങ്ങളിലായി ആറന്മുള, കിടങ്ങന്നൂർ മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫിസർമാർ 7.5 ഹെക്ടർ മിച്ചഭൂമിയായി ഏറ്റെടുത്തു. ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ച എബ്രഹാം കലമണ്ണിൽ 2017 ആഗസ്റ്റ് 14ന് സ്റ്റേ നേടിയെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.