സഭാ സമ്മേളനത്തിന്റെ അവസാന ദിനമൊരു പ്രതിപക്ഷ ബഹിഷ്കരണം പതിവാണ്. ഒരു കൊട്ടിക്കലാശം. അപൂർവം ഘട്ടങ്ങളിൽ മാത്രമാണ് ശാന്തമായി പിരിയുക. ഇക്കുറി വീര്യം കുറഞ്ഞ മദ്യ വിവാദത്തിന് വീര്യം കൂട്ടിയായിരുന്നുവെന്ന് മാത്രം. യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോഴും കാര്യങ്ങളൊക്കെ ഇങ്ങനെ തന്നെയായിരുന്നു. വീര്യം കുറഞ്ഞ മദ്യനികുതി ധനബില്ലിൽ ഇടംപിടിച്ചതിലും സബ്ജക്ട് കമ്മിറ്റിയെ ഒഴിവാക്കിയതിലും ചട്ടവിരുദ്ധത കണ്ടെത്തിയത് മുൻ ധനമന്ത്രി കൂടിയായ കെ.എൻ. ബാലഗോപാലാണ്.
ഒരു കാലത്തും ധനബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയിട്ടില്ലെന്നായിരുന്നു മുഖ്യവാദം. ഒരു കാലത്തും ഇല്ലെന്നതിൽ മുഖ്യമന്ത്രി കയറിപ്പിടിച്ചു. കഴിഞ്ഞ ഫെബ്രുവരി 24ന് ധനമന്ത്രി ബാലഗോപാൽ കൊണ്ടുവന്ന ധനബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പക്ഷേ ബാലഗോപാൽ അതിൽ കൊളുത്തിയില്ല. മറുപടി പറഞ്ഞുമില്ല. സഭക്ക് പുറത്തേക്ക് ആയുധം മൂർച്ച കൂട്ടിയാണ് പ്രതിപക്ഷം പോയത്.
ഡോ. തോമസ് ഐസക്ക് ബജറ്റ് തയാറാക്കാൻ സ്വസ്ഥമായിരിക്കുന്നത് കോവളം കടൽ തീരത്തെ സർക്കാർ അതിഥി മന്ദിരത്തിലായിരുന്നു. 12 സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ച ഐസക്ക് ആഴ്ചകളോളം അവിടെ ചെലവിടും. കടൽതീരത്ത് കൂടി നടക്കും. ദൃശ്യങ്ങളൊക്കെ മാധ്യമങ്ങൾ ഒപ്പിയെടുക്കും.
കോവളത്ത് ഒരാഴ്ച ആരെയും കാണാതെ മാറിയിരുന്ന് ആലോചിച്ച് ഉണ്ടാക്കുന്നതാണ് ബജറ്റ് എന്ന ക്ലീഷേ തന്നെ കേരളത്തിലുണ്ടെന്ന് രമ്യ ഹരിദാസിനറിയാം. കോവളത്തെ കാറ്റ് കൊണ്ടില്ലെങ്കിലും സാധാരണ മനുഷ്യരുടെ മുഖം മനസിലുണ്ടെങ്കിൽ മികച്ചതുണ്ടാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തവണത്തെ ബജറ്റെന്ന് രമ്യ വിശേഷിപ്പിക്കുന്നു. പേര് തെളിച്ച് പറയാതെ ഐസക്കിന് കൊട്ട്.
വീര്യം കുറഞ്ഞ മദ്യവും പി.എം ശ്രീയുമൊക്കെ പ്രതിപക്ഷം ഉയർത്തുന്നത് കണ്ടപ്പോൾ ഉത്സവപറമ്പിൽ പോക്കറ്റടിക്കാരൻ കള്ളൻ കള്ളൻ എന്ന് വിളിച്ച് മുന്നിലോടുന്നത് പോലെയാണ് സി.കെ കാസിമിന് തോന്നിയത്. താൻ റബ്ബർ മുറിച്ച സ്ഥലത്ത് പകരം എന്ത് കൃഷി ചെയ്യുമെന്ന് കൃഷി ഉദ്യോഗസ്ഥരോട് അഭിപ്രായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് മാത്യൂ കുഴൽനാടൻ. തമിഴ്നാട്ടില ഒരു കർഷകൻ കൃഷി ആരംഭിച്ചാൽ എല്ലാ സഹായവുമായി സർക്കാർ വകുപ്പുകൾ കൂടെ നിൽക്കും. ഇവിടെയും മാറണമെന്നായി നിർദേശം.
എം.എൽ.എ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ കണക്കെടുപ്പുമായാണ് രമേഷ് പിഷാരടിയെത്തിയത്. ഒരു എം.എൽ.എക്ക് ഒരു ദിവസം ചുരുങ്ങിയത് 40 നിവേദനം കിട്ടും. 100 ദിവസത്തിൽ 4000 എണ്ണം. ആകെയുള്ള 1825 ദിവസങ്ങൾ കൊണ്ട് എത്ര നിവേദനം കിട്ടുമെന്ന കണക്കാണ് പിഷാരടി കൂട്ടിയെടുത്തത്. വിവാഹത്തിൽ കാണുമ്പോഴും നേരിട്ടും വാട്സാപ്പിലും ഇ-മെയിലിലും കിട്ടുന്ന പരാതികളൊന്നും ഇതിൽ പെടുത്തിയിട്ടുമില്ല. ഇതൊക്കെ വിവിധ ഓഫിസുകളിൽ എത്തിക്കണം. പരിഹാരം വേഗത്തിലാക്കണം. ആവശ്യം ഒരു ജീവനക്കാരനെ കൂടി വേണം. ഭരണപക്ഷ ബെഞ്ചിൽ നിന്ന് അക്കാര്യത്തിൽ ഡസ്കിലടിച്ച് പിന്തുണ.
കെ-റെയിൽ വരും കേട്ടോ എന്ന് പറഞ്ഞത് പോലെ ബക്കാർഡി വരും കേട്ടോ എന്നാണ് ബജറ്റ് പറയുന്നതെന്ന് വി. മുരളീധരൻ. നിയമനിർമാണ സഭയുടെ അധികാരം സർക്കാർ കൈയടക്കിവെക്കുകയാണെന്ന ആക്ഷേപവും അദ്ദേഹമുയർത്തി. പ്രതിപക്ഷവും ബി.ജെ.പിയും ബക്കാർഡിക്ക് പിന്നാലെയാണെന്ന് വിഷ്ണുമോഹൻ. കഴിഞ്ഞ സർക്കാർ ഇരിപ്പിടങ്ങളിൽ വെച്ചിട്ടുപോയ വടികളെടുത്താണ് ഭരണപക്ഷം ഇപ്പോൾ അവരെ തല്ലുന്നതാണ് വിഷ്ണുമോഹൻ കാണുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തമാക്കുന്നതാണ് ബജറ്റെന്ന് പി.എം.എ സമീർ.
കണ്ണൂർ വിമാനത്താവളത്തിലെ ക്രമക്കേടുകളും സഹകരണ ഫണ്ട് ഉപയോഗിച്ച് ഒരു പാർട്ടിക്കായി തെരഞ്ഞെടുപ്പ് പരസ്യം നൽകിയതും അന്വേഷിക്കണമെന്ന് ടി.കെ ഗോവിന്ദന്റെ ആവശ്യം സി.പി.എമ്മിനെ ലക്ഷ്യമിട്ടായി. ജനദ്രോഹത്തിൽ ഗവേഷണം ചെയ്തവരാണ് കഴിഞ്ഞ ഇടതുഭരണക്കാരെന്ന് സജീവ് ജോസഫ് വിധിയെഴുതി. സാമ്പത്തിക ദുരന്തമുഖത്ത് നിൽക്കുന്ന സംസ്ഥാനത്തിന് മൃതസഞ്ജീവനിയായാണ് കെ.പി നൗഷാദലിക്ക് ബജറ്റ് അനുഭവപ്പെടുന്നത്. ഇവിടെ തന്നെ ഏറെ വിഭവങ്ങൾ ഉപയോഗിക്കാതെ വെച്ചിട്ടാണ് വറുതിയിൽ സഞ്ചരിക്കുന്നത്. വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ.
കേരള ഇനി കേരളം ആകുന്നതിന് വഴിയൊരുക്കുന്ന നിർണായക നിയമനിർമാണത്തിന് എല്ലാവരും ഒറ്റക്കെട്ട്. രാഷ്ട്രപതിയാണ് പത്ത് കാര്യങ്ങളിൽ നിയമസഭയുടെ അഭിപ്രായം തേടിയത്. പത്ത് കാര്യങ്ങളിലും ആർക്കും ഭിന്നതയുണ്ടായില്ല. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ബല്ലിലെ പത്ത് കാര്യങ്ങൾ വിശദീകരിച്ചത്. സഭാചരിത്രത്തിലെ അപൂർവ നിമിഷം.16ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തീരശ്ശീലയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.