പാറക്കൽ അബ്ദുല്ല എം.എൽ.എയോടൊപ്പം പി.കെ. കാസിം
വടകര: പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദം സൃഷ്‌ടിച്ച കാഫിർ സ്ക്രീൻ ഷോട്ട് എം.എസ്.എഫ് നേതാവ് തിരുവള്ളൂർ സ്വദേശി പുല്ലാഞ്ഞികണ്ടി പി.കെ. കാസിമിന്റെ പേരിൽ വ്യാജമായി നിർമിച്ചതാണെന്ന് വ്യക്തമായതോടെ പ്രതിപ്പട്ടികയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അദ്ദേഹത്തെ ഒഴിവാക്കി. കാസിമിനെ ഒഴിവാക്കിയുള്ള റിപ്പോർട്ട് എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചു.
സി.പി.എം നേതാവ് സി. ഭാസ്കരനാണ് വിവാദ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് വടകര പൊലീസിൽ ആദ്യം പരാതി നൽകിയത്. സ്ക്രീൻ ഷോട്ട് നിർമിച്ചത് കാസിം ആണെന്ന ആരോപണമുയർന്നതോടെ ഇടതു സർക്കാറിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തു. നിരപരാധിത്വം തെളിയിക്കാൻ മൂന്ന് ഫോണുകളും അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ കാസിം ഹാജരാക്കി. എന്നാൽ, കാസിമിന്റെ മൊബൈൽ ഫോൺ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പൊലീസ് അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവായിരുന്ന റിബേഷ് രാമകൃഷ്ണനിലാണ് അവസാനമെത്തിയത്. ഇതോടെ കേസ് അന്വേഷണം നിലക്കുകയായിരുന്നു. തുടർന്നും കാസിം നിയമപോരാട്ടം നടത്തിയെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. യു.ഡി.എഫ് സർക്കാർ നിയോഗിച്ച എസ്.ഐ.ടിയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കേസിൽ കാസിം നിരപരാധിയാണെന്ന് ബോധ്യപ്പെട്ടിരുന്നു.
കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കരൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധിപറയും. നേരത്തെ എസ്.ഐ.ടി ചോദ്യം ചെയ്ത് വിട്ടയച്ച ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം റിബേഷ് രാമകൃഷ്ണൻ ജില്ല സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.