തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് വിദേശ കമ്പനിയായ എം.എസ്.സി 13,000 കോടിയുടെ വിദേശനിക്ഷേപം നടത്തുന്നത് സംബന്ധിച്ച് തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ് സര്‍ക്കാറിനെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയിൽ. ആശങ്കയുണ്ടാക്കുന്നതാണ് ഈ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. അതേസമയം, സർക്കാറിനെ അറിയിക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നാണ് അദാനി ഗ്രൂപ് വൃത്തങ്ങൾ പറയുന്നത്.
വിഴിഞ്ഞത്ത് വിദേശനിക്ഷേപം നടക്കുന്നുവെന്ന കാര്യം മാധ്യമ വാർത്തകളിലൂടെയാണ് സര്‍ക്കാറിന്‍റെ ശ്രദ്ധയിൽപെട്ടതെന്ന് പ്രതിപക്ഷനേതാവിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. ധാരണപ്രകാരം സർക്കാറിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ അവര്‍ക്ക് ഒരു തരത്തിലും ഉമസ്ഥാവകാശം മാറ്റാനാകില്ല. കമ്പനീസ് ആക്ട് പ്രകാരം 75 ശതമാനത്തിന് മുകളിൽ ഓഹരികള്‍ കൊടുത്താല്‍ മാത്രമെ ഉടമസ്ഥതാ മാറ്റം നടപ്പാക്കാന്‍ പറ്റൂ.
എന്നാല്‍ കണ്‍സഷന്‍ എഗ്രിമെന്‍റ് പ്രകാരം 25 ശതമാനമോ അതില്‍ കൂടുതലോ ഓഹരികള്‍ കൊടുത്താല്‍ ഉടമസ്ഥാവകാശ മാറ്റം നടപ്പാക്കാം. എന്നാൽ സർക്കാറിന്‍റെ അനുമതിയില്ലാതെ അവര്‍ക്ക് അത് കഴിയില്ല. അത്തരമൊരു അനുമതി തേടിയിട്ടില്ല. പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതു പോലെ ചില ഉത്കണ്ഠകളുണ്ട്. അത് തീര്‍ച്ചയായും പരിശോധിക്കും. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ഷിപ്പിങ് മന്ത്രാലയത്തിന്‍റെയും അനുമതി ആവശ്യമുണ്ട്. എം.എസ്.സി കമ്പനി ഒരു സാമ്പത്തിക നിക്ഷേപകർ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നല്‍ ഷിപ്പിങ് കമ്പനിയാണ്. ഏതെല്ലാം വിധത്തിലാണ് അവര്‍ വിഴിഞ്ഞത്തെ ഉപയോഗിക്കാന്‍ പോകുന്നതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
അഞ്ച് കാര്യങ്ങൾ പരിശോധിച്ച് മാത്രമേ തുറമുഖത്തിലേക്കുള്ള വിദേശനിക്ഷേപത്തിന് അംഗീകാരം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. അഞ്ചു കാര്യങ്ങൾ ഇവയാണ്:
01. ദേശീയ സുരക്ഷ
ഉറപ്പാക്കും
02. പൊതുജന താല്പര്യം സംരക്ഷിക്കും
03. മത്സരാധിഷ്ഠിതമായി
കാര്യങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പുവരുത്തൽ
04. എല്ലാ കമ്പനികളുടെയും നിക്ഷേപത്തിനുള്ള
സാഹചര്യം ഉറപ്പാക്കുക
05. ദീർഘവീക്ഷണത്തോടെയുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം
വിദേശ നിക്ഷേപത്തിന് അവസരം ഒരുക്കുമ്പോൾ രാജ്യസുരക്ഷ ഉറപ്പാക്കണമെന്ന് സബ്മിഷൻ അവതരിപ്പിച്ച പിണറായി വിജയൻ പറഞ്ഞു. തുറമുഖത്തിൽ ഒരു കമ്പനി കുത്തകാവകാശം സ്ഥാപിക്കുന്ന നിലക്കാണ് കാര്യങ്ങൾ.
ഒറ്റയാൻ കമ്പനി നിശ്ചയിക്കുന്നത് പോലെയേ തുറമുഖത്തിന്റെ കാര്യങ്ങൾ നീങ്ങൂ എന്നാണെങ്കിൽ അത് തുറമുഖത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തെ ബാധിക്കും. വിവിധ കമ്പനികളുടെ കപ്പലുകൾ വരുന്നതിനും ഈ വിദേശനിക്ഷേപം തടസമാകുമെന്ന ആശങ്കയുണ്ട്. വിഴിഞ്ഞത്തിന്റെ വികസന സാധ്യത തടസപ്പെടുത്തുമെന്ന ആശങ്കയുമുണ്ട്.
മറ്റ് സാമ്പത്തിക ക്രമക്കേടുകൾക്കും സാധ്യതയുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാറിനെ അറിയിക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നാണ് അദാനി ഗ്രൂപ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഓഹരി കൈമാറ്റം സംബന്ധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി)യാണ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് നിരവധി അനുമതികള്‍ ഇതിന് ആവശ്യമുണ്ട്. അടുത്ത ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാറിനെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ച് അനുമതി തേടുക. തുടര്‍ന്ന് വിദേശ നിക്ഷേപം സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ ബന്ധപ്പെട്ട വിവിധ ഏജന്‍സികളെ അറിയിച്ച് അനുമതി തേടുമെന്നും അദാനി ഗ്രൂപ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.