കെ.സി. വേണുഗോപാൽ

എൻ.ഡി. അപ്പച്ചന്‍റെ രാജി: മാധ്യമങ്ങൾ അനാവശ്യമായി പ്രിയങ്ക ഗാന്ധിയെ വലിച്ചിഴക്കരുത് -കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: വയനാട് ഡി.സി.സി അധ്യക്ഷ സ്ഥാനം എൻ.ഡി. അപ്പച്ചൻ രാജിവെച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധി എം.പിയെ വലിച്ചിഴച്ചതിൽ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. എൻ.ഡി. അപ്പച്ചന്‍റെ രാജിയിൽ അനാവശ്യമായി പ്രിയങ്ക ഗാന്ധിയെ വലിച്ചിഴക്കരുതെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡി.സി.സി പ്രസിഡന്‍റായി ആരെ നിയമിക്കണമെന്ന കാര്യങ്ങളിൽ പ്രിയങ്ക ഇടപെടാറില്ല. അപ്പച്ചന്‍റെ രാജി സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷൻ നിലപാട് അറിയിച്ചിട്ടുണ്ട്. തുടർനടപടി കെ.പി.സി.സി സ്വീകരിക്കുമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

അതേസമയം, എൻ.ഡി. അപ്പച്ചൻ സ്വന്തം നിലയിലാണ് രാജിവെച്ചതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. രാജി സ്വീകരിച്ച് തുടർനടപടിക്കായി എ.ഐ.സി.സിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, വയനാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് എൻ.ഡി. അപ്പച്ചൻ രംഗത്തെത്തി. എന്നെക്കാൾ കേമന്മാർ ജില്ലയിൽ ഇല്ലേയെന്നും അവർ ഏറ്റെടുത്ത് നടത്തട്ടെ എന്നും അപ്പച്ചൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാകാൻ സന്നദ്ധനാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് പാർട്ടിയെ വയനാട്ടിൽ വളർത്തിയെടുത്തതെന്ന് മാധ്യമങ്ങൾക്കറിയാം. ആ അത്മവിശ്വാസം നേതൃത്വത്തിന് ഉണ്ടാവട്ടെ എന്നും ദൈവം അവരെ പ്രേരിപ്പിക്കട്ടെ എന്നും അപ്പച്ചൻ വ്യക്തമാക്കി.

'എന്നെക്കാൾ കേമന്മാർ ജില്ലയിൽ ഇല്ലേ, അവർ ഏറ്റെടുത്ത് നടത്തട്ടെ?. കാലാകാലം ഈ കസേരയിൽ തന്നെ ഞാൻ ഇരിക്കണോ?. കേരളത്തിലെ ഏറ്റവും സീനിയറായ ഡി.സി.സി. അധ്യക്ഷൻ താനാണ്. 16 വർഷവും രണ്ട് മാസവും പൂർത്തിയാക്കി. 12 വർഷം തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായിരുന്നു. ആരും കെട്ടിയിറക്കിയതല്ല. ഇത്തവണ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ആലോചിച്ചാണ് എന്നെ അധ്യക്ഷനാക്കിയത്- എൻ.ഡി. അപ്പച്ചൻ പറഞ്ഞു.

ഇന്നാണ് എൻ.ഡി. അപ്പച്ചൻ വയനാട് ഡി.സി.സി അധ്യക്ഷ പദവി രാജിവെച്ചത്. വയനാട് പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്‍റെയും ഡി.സി.സി മുൻ ജില്ലാ ട്രഷറർ എൻ.എം. വിജയ​ന്റെയും ആത്മഹത്യ സംബന്ധിച്ച പ്രശ്നങ്ങളും കാണാട്ടുമല തങ്കച്ചനെ ജയിലിലടച്ച നടപടിയും വിവാദമായതിന് പിന്നാലെയാണ് രാജിവെച്ചത്. കൽപറ്റ നഗരസഭാധ്യക്ഷൻ ​ടി.ജെ. ഐസക്കിനാണ് പകരം ചുമതല.

ആത്മഹത്യ ചെയ്ത ജോസ് നെല്ലേടത്തിന്‍റെ കുടുംബം കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പിയെ സന്ദർശിച്ചിരുന്നു. ജോസിന്‍റെ ഭാര്യ ഷീജയും മക്കളും സഹോദരനുമാണ് പടിഞ്ഞാറത്തറയിലെ ഹോട്ടലില്‍ എത്തി പ്രിയങ്കയെ കണ്ടത്. ഇതിന് പിന്നാലെയാണ് ഡി.സി.സി അധ്യക്ഷൻ രാജിവെച്ചത്.

-----------------------

Tags:    
News Summary - KC Venugopal react to his resignation in DCC President Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.