‘‘പിച്ചിച്ചീന്തി മതിയായില്ലേ, ഇനിയും വേണോ..’’; വൈകാരിക പ്രതികരണവുമായി കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: പിച്ചിച്ചീന്തി മതിയായില്ലേയെന്നും ഇനി പിച്ചിച്ചീന്താൻ ബാക്കിയൊന്നുമില്ലല്ലോയെന്നും കെ.സി വേണുഗോപാൽ. മന്ത്രസഭ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തലസ്ഥാനത്തെത്തിയ കെ.സി, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിലാണ് വൈകാരിമായി പ്രതികരിച്ചത്.

‘കെ.സി പക്ഷം എന്ന് കഴിഞ്ഞ ദിവസവും താൻ കണ്ടു. അങ്ങനെയൊരു പക്ഷമൊന്നും വേണ്ട. നല്ലൊരു സർക്കാർ വന്നു. ജനങ്ങൾ നല്ല പ്രതീക്ഷയിലാണ്. ആ പ്രതീക്ഷക്കനുസരിച്ച് മുന്നോട്ട് പോകണം. നല്ല മന്ത്രിമാരുണ്ടാകും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പിന്തുണ നൽകണം. അതിനിടയിൽ ഇത്തരം ചർച്ചകൾ വേണ്ടെന്നും’ കെ.സി വ്യക്തമാക്കി.

‘‘വ്യക്തിപരമായി പിച്ചിച്ചീന്തൽ നടന്നു എന്നാണോ ഉദ്ദേശിച്ചത്’ എന്ന ചോദ്യമുയർന്നപ്പോൾ ചീന്താനുള്ളതെല്ലാം ചീന്തിയെടുത്തില്ലേ, ഇനിയും വേണോ? എന്നായി. സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ് എന്നിവർ ഒപ്പമുണ്ടായിരിക്കെ ‘പക്ഷമില്ലെന്ന് പറയുമ്പോഴും കെ.സി പക്ഷ എം.എൽ.എമാരാണല്ലോ സ്വീകരിക്കാനെത്തിയത്’ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കെ.പി.സി.സി പ്രസിഡന്‍റ് കെ.സി പക്ഷമാണോ എന്നായി മറുചോദ്യം. അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടാകും. പക്ഷേ മനോഹരമായ പാർട്ടിയാണ് കോൺഗ്രസ്. വളരെ ‘സ്മൂത്തായ’ തീരുമാനമുണ്ടാകും. ഹൈകമാൻഡ് എടുക്കുന്ന തീരുമാനങ്ങളെല്ലാം അനുസരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലേത്. രമേശ് ചെന്നിത്തലയുമായി സംസാരിക്കും. അക്കാര്യങ്ങളും രമ്യമായി പരിഹരിക്കുമെന്നും കെ.സി പറഞ്ഞു.

കെ.സിയെ മുഖ്യമന്ത്രിയാകാത്തതിൽ അനുയായികൾ വിഷമത്തിലാണല്ലോ എന്ന ചോദ്യമുയർന്നപ്പോൾ പാർട്ടി അന്തിമ എടുത്താൽ അത് അംഗീകരിച്ച് മുന്നോട്ടുപോവുക എന്നതാണ് ഒരോ പാർട്ടി പ്രവർത്തകന്‍റെയും ഉത്തരവാദിത്തമെന്നും അത് ശിരസ വഹിക്കുന്നയാളാണ് താനെന്നുമായി മറുപടി. 

Tags:    
News Summary - K.C. Venugopal in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.