നീലേശ്വരം: കയ്യൂർ സമരസേനാനിയുടെ പൗത്രിയും മുൻ കെ.എസ്.ടി.എ നേതാവിെൻറ വിധവയുമായ വീട്ടമ്മയെ ഭൂമി കൈക്കലാക്കിയശേഷം നാടുകടത്തിയെന്ന ആരോപണം വിവാദമാകുന്നു. നീേലശ്വരം പാലായിയിലെ എം.കെ. രാധയാണ് സി.പി.എം പ്രതിനിധിയായ നഗരസഭാംഗത്തിനും മുൻ പഞ്ചായത്ത് അംഗമായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിനുമെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാധയെ നേരിട്ടുവിളിച്ച് സഹായം വാഗ്ദാനം ചെയ്തതിനു പിന്നാലെ ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലിെൻറ നേതൃത്വത്തിൽ നേതാക്കൾ ചെറുവത്തൂർ വെള്ളച്ചാലിൽ രാധ താമസിക്കുന്ന മകൾ റീനയുടെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു.
കയ്യൂർ സമരസേനാനി എലച്ചി കണ്ണെൻറ പൗത്രിയും കയ്യൂർ സമരവുമായി ബന്ധപ്പെട്ട് ഏഴുദിവസം എം.എസ്.പിക്കാരുടെ കസ്റ്റഡിയിൽ മർദനം ഏറ്റുവാങ്ങിയ പി.പി. കുമാരെൻറ മകളുമായ രാധ കെ.എസ്.ടി.എ നേതാവായിരുന്ന പരേതനായ ടി. രാഘവൻ മാസ്റ്ററുടെ ഭാര്യയാണ്. പാലായി ഷട്ടർ കം ബ്രിഡ്ജിെൻറ അപ്രോച്ച് റോഡിന് വീതികൂട്ടാൻ കോടതിവിലക്ക് വകവെക്കാതെ ഇവരുടെ പറമ്പിലെ തെങ്ങും കവുങ്ങും മറ്റും മുറിച്ചുമാറ്റിയതിനെച്ചൊല്ലിയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഏപ്രിൽ രണ്ടിന് വൈകീട്ട് പാർട്ടി പ്രവർത്തകർ വന്ന് വീട്ടിൽനിന്ന് ഇറക്കിവിടുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തതായി രാധ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി കാര്യങ്ങൾ തിരക്കിയത്. പൊലീസ്, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകിയതായി രാധ നേതാക്കളെ അറിയിച്ചു. കുടുംബത്തിന് എല്ലാ നിയമസഹായങ്ങളും നൽകാൻ കോൺഗ്രസ് തയാറാണെന്ന് നേതൃത്വം ഉറപ്പുനൽകി. കൂടാതെ രാധയുടെ കുടുംബം സമ്മതിക്കുകയാണെങ്കിൽ ഊരുവിലക്ക് വിഷയത്തിൽ സമരപരിപാടികൾ നടത്താൻ കോൺഗ്രസ് തയാറാണെന്നും ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ പറഞ്ഞു.
അതേസമയം, ഒരു നാടിെൻറ സ്വപ്നപദ്ധതിക്കായി രാധയുടെ കുടുംബത്തോട് മൂന്നര സെൻറ് സ്ഥലം ചോദിച്ചിരുന്നുവെന്നും പകരം സ്ഥലം നൽകാമെന്ന് പറഞ്ഞെങ്കിലും ഒരു സഹായമോ ഭൂമിയോ നൽകാൻ കുടുംബം തയാറായില്ലെന്നും വാർഡ് കൗൺസിലർ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഊരുവിലക്കിയെന്ന വാർത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എത്ര ഭൂമി കൊടുക്കാനും തയാറാണെന്നും ആവശ്യപ്പെട്ട ഭൂമി പാലായി പാലാ കൊഴുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ സ്വർണപ്രശ്നത്തിൽ പൂരക്കളി പന്തലിനായി അനുവദിച്ച സ്ഥലമാണെന്നും ദൈവീകത കുടികൊള്ളുന്ന സ്ഥലമായതിനാലാണ് ഭൂമി വിട്ടുനൽകാത്തതെന്നുമാണ് രാധ പറയുന്നത്. ഇപ്പോൾ തെൻറ ഒന്നര ഏക്കർ ഭൂമിയിൽ പ്രവേശിക്കാനോ വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും രാധ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.