കായംകുളം: നഗരസഭയിലെ വോട്ടെടുപ്പിൽ സി.പി.ഐ പ്രതിപക്ഷത്തിനൊപ്പം ചേർന്ന വിഷയത്തിൽ വാദപ്രതിവാദം മുറുകുന്നു. സി.പി.ഐ പ്രതിപക്ഷത്തിനൊപ്പമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൻ പറയുമ്പോഴും നിലപാട് വ്യക്തമാക്കാൻ സി.പി.ഐ തയാറാകാത്തത് ഭരണ നേതൃത്വത്തെ വെട്ടിലാക്കി. പോഷകാഹാരങ്ങൾ വാങ്ങാൻ സിവിൽ സപ്ലൈസിന് നൽകിയ അനുമതി റദ്ദാക്കി മറ്റൊരു കമ്പനിക്ക് നൽകാനുള്ള നീക്കമാണ് ഭരണപക്ഷത്തിന് തിരിച്ചടിയായത്.
വോട്ടെടുപ്പിൽ സി.പി.ഐയുടെ വൈസ് ചെയർമാൻ അടക്കമുള്ള രണ്ട് അംഗങ്ങൾ പ്രതിപക്ഷത്തിനൊപ്പം ചേരുകയായിരുന്നു. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും നൽകേണ്ട പോഷകാഹാര പദ്ധതി അട്ടിമറിക്കാനാണ് നീക്കം എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഇവരെ 20 പേർ പിന്തുണച്ചതോടെയാണ് ചെയർ പേഴ്സന്‍റെ നീക്കം പാളിയത്. ഭരണപക്ഷത്തെ 17 പേരാണ് പിന്തുണച്ചത്. ഇതോടെയാണ് ഭരണപക്ഷത്തെ വിള്ളൽ ചർച്ചയായത്.
സി.പി.ഐയെ വിശ്വാസത്തിലെടുക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി ചെയർപേഴ്സൻ പി. ശശികല വാർത്തസമ്മേളനം വിളിച്ചത്. എന്നാൽ, ഇതിൽ വൈസ് ചെയർമാൻ സി.പി.ഐയിലെ ജെ. ആദർശ് പങ്കെടുത്തില്ല. പ്രതികരിക്കാനില്ലെന്നും നിലപാട് പാർട്ടി നേതൃത്വം വ്യക്തമാക്കുമെന്നുമാണ് ഇദ്ദേഹം പറയുന്നത്.
പോഷകാഹാര പദ്ധതിയുടെ സാധനങ്ങൾ സ്ഥിരമായി സപ്ലൈകോയിൽനിന്ന് തന്നെയാണ് വാങ്ങിവരുന്നത്. അത് മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ചെയർ പേഴ്സൻ പറഞ്ഞു. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് അജണ്ടയിൽ ഉൾപ്പെടുത്തിയത്. ഇതിനെ പ്രതിപക്ഷം തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. ഭരണപക്ഷത്ത് വിള്ളലുണ്ടെന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണ്.
എൽ.ഡി.എഫിൽ കൂടിയാലോചിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇക്കാര്യത്തിൽ സി.പി.ഐയുമായി ഒരു തരത്തിലുമുള്ള ഭിന്നതയില്ല. യു.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിൽ ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇവരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ചെയർപേഴ്സൻ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ മായാദേവി, എസ്. കേശുനാഥ്, ഫർസാന ഹബീബ്, പി.എസ്. സുൽഫിക്കർ, ഷാമില അനിമോൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം, നഗരത്തിലെ പല പദ്ധതികളും ഭരണപക്ഷം അട്ടിമറിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ കുറ്റപ്പെടുത്തി. ഭരണനേതൃത്വവും സ്ഥിരം സമിതിയും ചട്ടവിരുദ്ധമായി കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.