ഒറ്റ രാത്രിയിൽ തനിച്ചായി സുനിൽ

നിലമ്പൂർ: ആ രാത്രിയും പതിവു പോലെയായിരുന്നു കവളപ്പാറ സുനിലിന്. വ്യാഴാഴ്ച രാത്രി 7.30 വരെ എല്ലാവരുമുണ്ടായിരുന്നു പട്ടികവർഗക്കാരനായ ഈ സാധുവിന്. എന്നാൽ 15 മിനിറ്റിനുള്ളിൽ അയാളെ തനിച്ചാക്കി ഉറ്റവരെയെല്ലാം മണ്ണ് കൊണ്ടുപോയി. സുന ിലിന്‍റെ ഭാര്യ ശാന്തകുമാരി, മകൻ സുജിത്, പിതാവ് പാലൻ, അനിയത്തി സുശീല, മക്കളായ കണ്ണൻ, അക്കു, കൊച്ച്, സഹോദരി ഭർത്താവ് പാലൻ എന്നിവരാണ് കൺമുന്നിൽ ഭൂമിക്കടിയിലേക്ക് താണു പോയത്. ഇവരെ മൂന്ന് ദിവസങ്ങൾക്കിപ്പുറവും കണ്ടെത്താനായിട്ടില്ല.

തൊട്ടടുത്തുണ്ടായിട്ടും സുനിലിനെ മണ്ണ് കൊണ്ടുപോയില്ല. ഇത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. ശബ്ദമിടറി. സ്വന്തം വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് ഭാര്യയും മക്കളും പോയ സമയത്താണ് വലിയ ശബ്ദത്തോടെ മണ്ണിടിഞ്ഞു വീണത്. സുനിലിന്‍റെ വീടിന്‍റെ പാതിയും സഹോദരിയുടെത് മുഴുവനായും മണ്ണ് കൊണ്ടുപോയി. വീടിനുള്ളിലായിരുന്നത് കൊണ്ടാണ് ബാക്കിയായതെന്ന് സുനിൽ പറഞ്ഞു.

Full View

നിരവധി വീടുകൾ മണ്ണിനടിയിലുണ്ടെന്നും അതിനുള്ളിലുള്ളവരെ കണ്ടെത്താനാവുമോ എന്ന് അറിയില്ലെന്നും അയാൾ പറഞ്ഞു. ദുരന്തത്തിൽ ബാക്കിയായ അയൽവാസികളുടെ വീട്ടിലാണ് ഈ മനുഷ്യൻ ഏകനായി കഴിയുന്നത്.

എന്തു ചെയ്യണമെന്നോ പറയണമെന്നോ എങ്ങോട്ട് പോകണമെന്നോ കൂലിപ്പണിക്കാരനായ ഈ സാധു മനുഷ്യന് ഒരു പിടിയുമില്ല. അത് ചോദിച്ചപ്പോൾ ഒന്നും പറയാതെ അയാൾ മുഖത്തേക്ക് നോക്കിയിരുന്നു. എല്ലാം നഷ്ടമായതിന്‍റെ മരവിപ്പ് ആ മുഖത്ത് കനത്തു നിന്നു.

Tags:    
News Summary - kavalappara landslide sunil story -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.