റോഡിന് നടുവിൽ ചാക്കുകളിലാക്കി തള്ളിയ മാലിന്യം
മേൽപറമ്പ്: ബെണ്ടിച്ചാൽ-ഒറ്റത്തെങ്ങ്-കല്ലട റോഡിൽ വീണ്ടും മാലിന്യക്കൂമ്പാരം. സാമൂഹികദ്രോഹികൾ ചാക്കുകളിലാക്കി മാലിന്യം കൊണ്ടിടുന്നത് സംബന്ധിച്ച് മാധ്യമം ‘സാമൂഹികദ്രോഹികളേ, ഇത് മാലിന്യക്കുപ്പയല്ല’തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയെ തുടർന്ന് പിറ്റേ ദിവസംതന്നെ പഞ്ചായത്തംഗം മറിയയുടെ നേതൃത്വത്തിൽ മാലിന്യം നീക്കംചെയ്തിരുന്നു.
കുട്ടികളുടെ ഡയപ്പർ അടക്കമുള്ള വീട്ടുമാലിന്യങ്ങളാണ് തള്ളുന്നത്. മുമ്പും ഇത്തരത്തിൽ മാലിന്യം ചാക്കുകളിലാക്കി ഈഭാഗത്തെ റോഡിൽ കൊണ്ടുവന്ന് തള്ളിയിരുന്നു. എന്നാൽ, രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും നടുറോഡിൽ മാലിന്യം ചാക്കിലാക്കി തള്ളിയിരിക്കുകയാണ്.
ഇതുസംബന്ധിച്ച് പൊലീസിലടക്കം പരാതി നൽകി. വ്യാഴാഴ്ച രാവിലെയാണ് റോഡിൽ വീണ്ടും മാലിന്യം ചാക്കിലാക്കി തള്ളിയതായി നാട്ടുകാർ കണ്ടത്. ഈ റോഡിലൂടെ ദുർഗന്ധംസഹിച്ച് യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ബൈക്കിലും മറ്റും പോകുമ്പോൾ മാലിന്യത്തിൽ തട്ടി യാത്രക്കാരുടെ മേൽ തെറിക്കുകയും ചെയ്യുന്നുണ്ട്.
ഉടൻതന്നെ ഈഭാഗങ്ങളിൽ തെരുവുവിളക്ക് സ്ഥാപിക്കുമെന്നും ഇതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതായി 11ാം വാർഡ് മെംബർ അറിയിച്ചു. ഇത്തരത്തിൽ മാലിന്യം തള്ളിയത് കണ്ടാൽ എടുത്തുമാറ്റാൻ പൊതുപ്രവർത്തകരാരും തയാറാകുന്നില്ലെന്നും താൻ തന്നെ വന്ന് മാറ്റേണ്ട അവസ്ഥയാണുള്ളതെന്നും പഞ്ചായത്തംഗം പറഞ്ഞു. എത്രയുംപെട്ടെന്ന് ഈറോഡിൽ തെരുവുവിളക്കും സി.സി.ടി.വി കാമറയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.