മാണിക്കോത്ത് റെയിൽവേ പാളം മുറിച്ചുകടക്കുന്ന വിദ്യാർഥികൾ
കാഞ്ഞങ്ങാട്: നിത്യവും ജീവൻ പണയപ്പെടുത്തി പാളം മുറിച്ചുകടക്കുകയാണ് കുട്ടികൾ. മക്കൾ സ്കൂളിൽ പോയി തിരിച്ചുവരുന്നതുവരെ രക്ഷിതാക്കളുടെ മനസിൽ ആശങ്കയാണ്. റെയിൽ മേൽപാലത്തിനായി വർഷങ്ങളായുള്ള നാട്ടുകാരുടെ മുറവിളി ചെവിക്കൊള്ളാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. അജാനൂർ പഞ്ചായത്തിലെ മാണിക്കോത്ത്, കൊളവയൽ പ്രദേശത്തുകാരുടെ ആവശ്യമാണ് നിരാകരിക്കുന്നത്. തീരദേശത്തടക്കം താമസിക്കുന്ന ജനങ്ങൾ മേൽപാലമില്ലാത്തതിനാൽ അനുഭവിക്കുന്ന പ്രയാസം പറഞ്ഞറിയിക്കാനാവില്ല. കൊളവയലിൽനിന്ന് മാണിക്കോത്തേക്ക് യാത്രചെയ്ത് എത്തണമെങ്കിൽ റെയിൽപാളം മുറിച്ചു കടക്കണം. മാണിക്കോത്ത് ഗവ. യു.പി. സ്കൂൾ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്തേക്കും സ്കൂളുകളിലെത്താൻ കുട്ടികൾ റെയിൽപാളം മുറിച്ചാണ് പോകുന്നത്. മാണിക്കോത്ത് ജങ്ഷനിൽ റെയിൽവേ മേൽപാലം നിർമിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സിനോരാജിന്റെ നേതൃത്വത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകിയിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരത്തിലേക്കും അജാനൂർ വില്ലേജ് ഓഫിസ്, അജാനൂർ പഞ്ചായത്ത് ഓഫിസ്, വെള്ളിക്കോത്ത് സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടണമെങ്കിലും പാളം മുറിച്ചു കടക്കണം. അപകട സാധ്യതയെത്തുടർന്ന് ഭയത്തോടെയാണ് വിദ്യാർഥികളുൾപ്പെടെയുള്ളവർ ഈ പാളം മുറിച്ചുകടക്കുന്നത്. പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ നിരവധി പേർ ട്രെയിൻ തട്ടി മരിച്ച സംഭവമുണ്ട്. നിത്യവും നൂറുകണക്കിന് യാത്രക്കാരാണ് ഈ പാളം മുറിച്ചുകടക്കുന്നത്. നിർഭയമായി യാത്ര ചെയ്യുന്നതിന് ഇവിടെ മേൽപാലമോ, ഫൂട്ട് ഓവർ ബ്രിഡ്ജോ പണിയണമെന്ന് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം ചെവിക്കൊള്ളാൻ അധികൃതർ തയാറല്ല. മാണിക്കോത്ത് ഇ.ആർ.എം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രതിഷേധവുമായി രംഗത്തിറങ്ങി. മാണിക്കോത്ത്, കൊളവയൽ നിവാസികളുടെ യാത്രദുരിതത്തിന് പരിഹാരം കാണാൻ അടിയന്തരമായി മേൽപാലമോ, ഫൂട്ട് ഓവർ ബ്രിഡ്ജോ നിർമിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് ക്ലബ് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.