പ്രതീകാത്മ ചിത്രം
കാസർകോട്: ചൂട് കൂടുന്ന കാലമായതിനാൽ ക്ഷീരകർഷകർ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യാതപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. പകല്‍ 10നും നാലിനും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും കെട്ടിയിടുന്നതും ഷീറ്റ് കൊണ്ട് മേഞ്ഞ, ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തില്‍ പാര്‍പ്പിക്കുന്നതും ഒഴിവാക്കണം.
ചൂട് കൂടുതലുള്ള സമയങ്ങളില്‍ പശുക്കളെ പുറത്ത് തണലിൽ പാര്‍പ്പിക്കണം. തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. കഴിയുമെങ്കില്‍ തൊഴുത്തിൽ ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കാം. പശുക്കളുടെ തലയില്‍ കാറ്റുപതിക്കും വിധം ഫാനുകൾ സ്ഥാപിക്കണം.
തൊഴുത്തിന്റെ മേല്‍ക്കൂരക്ക് കീഴെ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്പ്പോളിന് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അടിക്കൂര (സീലിങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറക്കും. പശുക്കളെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേല്‍ക്കൂര നനക്കാം. തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. രാത്രികാലങ്ങളില്‍ വെള്ളം വെള്ളത്തൊട്ടിയില്‍ നിറച്ചുവെക്കണം. കാലിത്തീറ്റയും വൈക്കോലും നല്‍കുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം.
വൈക്കോല്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് തീറ്റയായി നല്‍കാം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും, അസോള, ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലിവാക, മള്‍ബറി, ഈര്‍ക്കില്‍ മാറ്റിയ തെങ്ങോല പോലുള്ള ഇലത്തീറ്റകളും നല്‍കണം.
പശുക്കളുടെ ആമാശയത്തില്‍ അസിഡിറ്റി ഒഴിവാക്കാന്‍ അപ്പക്കാരം, ഒരു കിലോഗ്രാം കാലിത്തീറ്റക്ക് 10 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നൽകാം. ഒരു കിലോഗ്രാം സാന്ദ്രീകൃത കാലിത്തീറ്റക്ക് 10 ഗ്രാം എന്ന കണക്കില്‍ ധാതു ജീവക മിശ്രിതവും, ആകെ തീറ്റയില്‍ 10 മുതല്‍ 25 ഗ്രാം വരെ കല്ലുപ്പും ചേര്‍ത്ത് നല്‍കുന്നതും ഗുണകരമാണ്. പരാദകീടങ്ങള്‍ പരത്തുന്ന രക്താണുരോഗങ്ങള്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം.
ഓമനമൃഗങ്ങള്‍ക്കും വേണം കരുതല്‍
കാസർകോട്: അടച്ചിട്ട മുറികളിലും വായു സഞ്ചാരമില്ലാത്ത മുറികളിലും ഓമനമൃഗങ്ങളെ പാര്‍പ്പിക്കരുത്. ഫാനുകളോ എയര്‍ കൂളറുകളോ ഉള്ള റൂമുകളില്‍ പാര്‍പ്പിക്കണം. രോമമുള്ള മൃഗങ്ങളുടെ രോമം വെട്ടി ചെറുതാക്കുന്നത് ചൂട് കുറക്കാന്‍ സഹായിക്കും.
ഓമന മൃഗങ്ങളെ കോണ്‍ക്രീറ്റ് കൂടുകളില്‍ പാര്‍പ്പിക്കുമ്പോള്‍ മേല്‍ക്കൂര ചാക്കുകൊണ്ടു നനക്കേണ്ടതാണ്. നായ്ക്കൾക്ക് വിയര്‍പ്പു ഗ്രന്ഥിയില്ലാത്തതിനാല്‍ ചൂടുകാലത്ത് കൂടുതല്‍ ശ്രദ്ധ വേണം. നായ്ക്കളില്‍ നിർജലീകരണത്തിന്റെ ഭാഗമായി രക്തം കലര്‍ന്ന വയറിളക്കം, ധമനികളില്‍ രക്തം കട്ടപിടിക്കല്‍, ഹൃദയതാളം തെറ്റുക, വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെടുക എന്നിവ ഉണ്ടാകുന്നു.
അരുമ മൃഗങ്ങളെ തണുത്ത സ്ഥലത്തേക്ക് ഉടന്‍ മാറ്റുക, തല ഉയര്‍ത്തിപ്പിടിച്ച് കഴുത്തുവരെയുള്ള ഭാഗം വെള്ളത്തില്‍ മുക്കുക, തണുത്ത തുണികൊണ്ട് ശരീരം പൊതിയുക, തണുത്ത ജലം കുടിക്കാന്‍ നല്‍കുക, പോഷകാഹാരം നല്‍കുക എന്നിവ ചെയ്യേണ്ടതാണ്. കൂട്ടിലിട്ടുവളര്‍ത്തുന്ന പക്ഷികള്‍ക്ക് ദിവസവും ശുദ്ധജലം ലഭ്യമാക്കണം.
ഉച്ചസമയത്ത് 500 കോഴികള്‍ക്ക് അര ലിറ്റര്‍ തൈര് കുടിവെള്ളത്തില്‍ നല്‍കാം. സൂര്യാഘാതംമൂലം വളര്‍ത്തുമൃഗങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടാല്‍ മൃഗസംരക്ഷണ വകുപ്പ് കണ്ട്രോള് റൂമില്‍ അറിയിക്കേണ്ടതാണെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.വി. ബിന്ദു അറിയിച്ചു. ഫോണ്‍: 04994224624
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.