കാസർകോട്: കെ.എസ്.ഇ.ബി.യുടെ 220 കെ.വി മൈലാട്ടി സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ സ്ഥാപിക്കുന്ന 125 മെഗാവാട്ട് ശേഷിയുള്ള സംസ്ഥാനത്തെ ആദ്യത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിന്റെ നിർമാണ ഉദ്ഘാടനം 28ന് ഉച്ചക്ക് മൂന്നിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.
125 മെഗാവാട്ട് ശേഷിയുള്ള ഈ പ്രധാന പദ്ധതിയിലൂടെ ദിവസേന പരമാവധി അഞ്ചുലക്ഷം യൂനിറ്റ് വൈദ്യുതി വരെ പീക്ക് സമയങ്ങളിൽ ഗ്രിഡിലേക്ക് നൽകാൻ സാധിക്കും. ഒക്ടോബറോടെ പ്രവർത്തനസജ്ജമാക്കലാണ് ലക്ഷ്യം. ജെ.എസ്.ഡബ്ല്യു എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
കേരളത്തിന്റെ സൗരോർജ ഹബ്ബായി ഉയർന്നുവരുന്ന കാസർകോടിന്റെ ഊർജ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതി പ്രധാന സംഭാവനയാകും. സംഘാടക സമിതി യോഗത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മുഹമ്മദ് സായിദ്, കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബാബു പ്രജിത്ത് തുടങ്ങിയവർ രക്ഷാധികാരികളായും, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രൻ ചെയർമാനായും കാസർകോട് ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഇ.എസ്. ശിവദാസൻ ജനറൽ കൺവീനറായും, മറ്റ് ജനപ്രനിധികളെയും യൂനിയൻ ഭാരവാഹികളെയും ഉൾപ്പെടുത്തി സംഘാടക സമിതി രൂപവത്കരിച്ചു.
കെ.എസ്.ഇ.ബി.യിലെ എല്ലാ യൂനിയൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. മൈലാട്ടി സബ് സ്‌റ്റേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രഞ്ജിത്ത് ലാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.