വ്യാപാരിയെ വാനിടിപ്പിച്ച് കവർച്ചക്ക് ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ വാനിടിപ്പിച്ചുവീഴ്ത്തി പണം തട്ടിപ്പറിക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബേക്കൽ പള്ളിക്കരയിലെ അബ്ദുൽ സലാം (51), മൊഗ്രാൽ കുട്‍ലുവിലെ സത്താർ (44) എന്നിവരെയാണ് അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാന പ്രതികളായ മൂന്നുപേരെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ചുള്ളിക്കര പവിത്ര ജ്വല്ലറി ഉടമ ഇരിയ ബംഗ്ലാവിനു സമീപത്തെ ബാലചന്ദ്രനെയാണ് (43) ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി കടയടച്ച് മടങ്ങുമ്പോഴാണ് സംഭവം. ഇരിയ ടൗണിലെ ചർച്ചിന് സമീപത്തുവെച്ചാണ് വാഹനമിടിച്ചത്.

ബാലചന്ദ്രൻ ബഹളം വെച്ചപ്പോൾ മുളകുപൊടി വിതറി സംഘം രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും രക്ഷപ്പെട്ട സംഘത്തെ പിന്തുടർന്നു. പൊലീസ് സംഘത്തെക്കണ്ട് അക്രമികൾ അമ്പലത്തറ പേരൂരിൽ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. അതേസമയം അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ടു പങ്കാളികളായവരല്ലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറിവോടുകൂടിയാണ് ഒളിവിലുള്ള മറ്റ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Two persons have been arrested in the case of attempted robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.