കാസർകോട് മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ‘കാലിത്തൊഴുത്ത് ’
കാസർകോട്: പുതിയ ബസ് സ്റ്റാൻഡിലെ ‘കാലിത്തൊഴുത്ത്’ മാറ്റാനുള്ള മുനിസിപ്പാലിറ്റിയുടെ നടപടി കടലാസിലൊതുങ്ങി. ബസ് സ്റ്റാൻഡിനകത്ത് അലഞ്ഞുതിരിയുന്ന പശുക്കളെ പിടിച്ചുകെട്ടി ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഒരുമാസം മുമ്പ് പറഞ്ഞ മുനിസിപ്പൽ അധികൃതരുടെ തീരുമാനമാണ് കടലാസിലൊതുങ്ങിയത്. ദേശീയപാതയിൽ അലഞ്ഞുതിരിയുന്ന കാലികളെപ്പറ്റി ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കാസർകോട് മുനിസിപ്പാലിറ്റി കർശന നടപടി സ്വീകരിക്കുമെന്ന് നിർദേശം നൽകിയിരുന്നതാണ്.
എന്നാൽ, ഇപ്പോഴും കാലികളുടെ മേച്ചിൽപുറം ബസ് സ്റ്റാൻഡും ചുറ്റുപാടുംതന്നെ. കഴിഞ്ഞവർഷവും നഗരസഭയുടെ ഭാഗത്തുനിന്ന് ഇതേ പ്രഖ്യാപനമുണ്ടായിരുന്നു. ബസ് സ്റ്റാൻഡിനകത്തെ കാലിത്തൊഴുത്ത് യാത്രക്കാർക്കും വ്യാപാരികൾക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. സ്റ്റാൻഡിനകത്തും പുറത്തും ചാണകാഭിഷേകം കൊണ്ട് പൊറുതിമുട്ടുകയാണ് യാത്രക്കാരും വ്യാപാരികളും.
ചാണകം ചവിട്ടിയാണ് പല യാത്രക്കാരും വ്യാപാരസ്ഥാപനങ്ങളിലേക്കും ബസുകളിലും മറ്റും കയറുന്നത്. ഇത് കഴുകിക്കളയാൻ വ്യാപാരികളും ജീവനക്കാരും ഏറെ പാടുപെടുന്നുണ്ട്. ‘പാങ്ങും ചേലുമുള്ള’ ബസാറായി കാസർകോടിനെ മാറ്റിയെടുക്കാൻ ചെയർമാന്റെ നേതൃത്വത്തിൽ നല്ല പ്രവർത്തനം കാഴ്ചവെക്കുമ്പോഴാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ചാണകംകൊണ്ട് മലിനമാകുന്നത്. ഒപ്പം, നായ് ശല്യം വേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.