കാസർകോട്: 2024-25 വര്‍ഷത്തെ കേരള വനിത കമീഷന്റെ മികച്ച ജില്ല ജാഗ്രത സമിതിക്കുള്ള പുരസ്‌കാരം ജില്ല പഞ്ചായത്ത് ജാഗ്രത സമിതിക്ക്. സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്‌കാരം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരും ജില്ല പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് സാമൂഹിക നീതി, ഉന്നത വിദ്യാഭ്യാസം വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍നിന്ന് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന തോമസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒക്ലാവ് കൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.വി. രാധിക, ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, ജില്ല ജാഗ്രത സമിതി കൗണ്‍സിലര്‍ സുകുമാരി തുടങ്ങിയവര്‍ പുരസ്കാരം സ്വീകരിക്കാനെത്തിയിരുന്നു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, വനിത കമീഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രന്‍, മഹിളാമണി, അഡ്വ. എലിസബത്ത് എന്നിവർ സംസാരിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കും ക്ഷേമത്തിനുമായി നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമാണ് സമിതിയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. മൂന്നാം തവണയാണ് ജില്ല പഞ്ചായത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് 241 കേസുകളാണ് സമിതിക്ക് മുമ്പാകെ എത്തിയത്. ഇതില്‍ 175 പരാതികള്‍ക്കും പരിഹാരമായി. പരിഹരിക്കപ്പെടാത്തവയില്‍ 12 പരാതികള്‍ വനിത കമീഷനിലേക്കും 20 പരാതികള്‍ ഡി.എല്‍.എസ്.എയിലേക്കും, 23 എണ്ണം ഗ്രാമപഞ്ചായത്തുകളിലേക്കും കൈമാറി. കേവലം പരാതി പരിഹാരത്തിനപ്പുറം 954 പേര്‍ക്ക് സൗജന്യ കൗണ്‍സിലിങ്ങും 100 പേര്‍ക്ക് നിയമസഹായവും 42 പേര്‍ക്ക് പൊലീസ് സഹായവും 11 പേര്‍ക്ക് ഷെല്‍ട്ടര്‍ സൗകര്യവും ലഭ്യമാക്കി. ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ മൂലം നേരിട്ട് ഹാജരാകാന്‍ സാധിക്കാത്ത 76 പേരുടെ വീടുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു.
സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ജില്ലയിലുടനീളം 131 ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഇവയില്‍ സ്ത്രീ പുരുഷന്മാര്‍ ഉള്‍പ്പെടെ 15000ലധികം പേര്‍ പങ്കെടുത്തു. കൗമാരക്കാര്‍ക്കായി ‘വര്‍ണ്ണക്കൂട്ട്’ എന്ന പേരില്‍ പ്രത്യേക ക്ലാസുകള്‍, കോളജുകളില്‍ പ്രീ-മാരിറ്റല്‍ കൗണ്‍സലിങ്, ജന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, സാമ്പത്തിക മാനേജ്മെന്റ് ക്ലാസുകള്‍ എന്നിവയും സജീവമായി നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.