ഇരട്ടി സന്തോഷത്തിന്റെ വിദ്യാലയം; ഇവിടെ ഇരട്ടകൾ പതിനെട്ടാണ്!

തൃക്കരിപ്പൂർ: രാവിലെ സ്കൂൾ ബെൽ മുഴങ്ങുമ്പോൾ ക്ലാസ് മുറികളിലേക്ക് ഓടിക്കയറുന്ന കുട്ടികളുടെ കൂട്ടത്തിൽ ഒരേ മുഖവും ഒരേ ചിരിയും ഒരേ ഭാവങ്ങളുമായി എത്തുന്ന നിരവധി ജോഡികളുണ്ട്. ഒരാളുടെ പിന്നാലെ മറ്റൊരാൾ, ചിലപ്പോൾ ഒരേ യൂനിഫോമിലും ഒരേ രീതിയിലുള്ള ചിരിയുമായി തൃക്കരിപ്പൂർ സെൻറ് പോൾസ് എ.യു.പി സ്കൂളിന്റെ പ്രത്യേകതയാണിത്.

ഒന്നോ രണ്ടോ അല്ല, ഇവിടെ വിവിധ ക്ലാസുകളിലായി പഠിക്കുന്നത് ആകെ 18 ജോഡി ഇരട്ടകളാണ്. ആൺകുട്ടികളും പെൺകുട്ടികളും മാത്രമല്ല, ആൺ-പെൺ മിക്സഡ് ജോഡികളും ഈ കൂട്ടത്തിലുണ്ട്. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ 16 ജോഡി ഇരട്ടകളും പ്രീ-പ്രൈമറി വിഭാഗത്തിൽ രണ്ട് ജോഡിയും പഠിക്കുന്നു.

1300ലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഇരട്ടകളുടെ സാന്നിധ്യം സ്കൂൾ ജീവിതത്തിന് വേറിട്ടൊരു നിറമാണ് നൽകുന്നത്. ചിലർ ഒരേ ക്ലാസിലും ചിലർ ഒരേ ബെഞ്ചിൽ അടുത്തടുത്തായും ഇരുന്നാണ് പഠനം. ഒരാളെ തേടുമ്പോൾ മറ്റൊരാൾ മുന്നിൽ പ്രത്യക്ഷപ്പെടുന്ന രസകരമായ അനുഭവങ്ങളും അധ്യാപകർക്കും കൂട്ടുകാർക്കും പുതുമയല്ല. ജൂൺ മാസത്തിൽ ക്ലാസ് അധ്യാപകർ ശേഖരിച്ച വിവരങ്ങളിലൂടെയാണ് സ്കൂളിൽ ഇത്രയും വലിയൊരു ഇരട്ടക്കൂട്ടമുണ്ടെന്ന പ്രത്യേകത കൂടുതൽ വ്യക്തമായത്. ഒന്നാം, അഞ്ചാം, ഏഴാം ക്ലാസുകളിലാണ് ആൺ-പെൺ മിക്സഡ് ജോഡികൾ ഉള്ളത്.

ഇരട്ടകളെ വെറും കൗതുകമായി കാണാതെ ആഘോഷമാക്കുകയാണ് ഈ വിദ്യാലയം. 2019 മുതൽ എല്ലാ വർഷവും ആഗസ്റ്റ് മാസത്തിൽ ഇവിടെ ‘ഇരട്ടകളുടെ ദിനം’ ആചരിക്കുന്നു. അന്നേദിവസം വർണാഭമായ വസ്ത്രങ്ങളണിഞ്ഞെത്തുന്ന ഇരട്ടക്കുട്ടികളെ സ്കൂൾ അസംബ്ലിയിൽ പ്രത്യേകം ആദരിക്കും. സമ്മാനങ്ങളും നൽകും. കുട്ടികൾക്കൊപ്പം അവരുടെ രക്ഷിതാക്കളെയും ചടങ്ങിന്റെ ഭാഗമാക്കും.

‘കുട്ടികൾ തന്നെ ജീവിതത്തിലെ വലിയ വരദാനമാണ്. അതിൽ ഇരട്ടക്കുട്ടികൾ നൽകുന്ന സന്തോഷം ഇരട്ടിയാകുന്നു,’ മുഖ്യാധ്യാപിക എൻ. മിനി പറയുന്നു. പാഠപുസ്തകങ്ങളുടെയും പരീക്ഷകളുടെയും ഇടയിൽ, ഒരേ ചിരിയും ഒരേ സ്വപ്നങ്ങളുമായി വളരുന്ന ഈ ഇരട്ടക്കൂട്ടം സെൻറ് പോൾസ് സ്കൂളിനെ മറ്റൊരു രീതിയിൽ വേറിട്ടതാക്കുകയാണ്.

Tags:    
News Summary - 18 twins in a school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.