കാസർകോട്: എം.എൽ.എയും എം.പിയും നടപ്പാക്കുന്ന പദ്ധതികളിൽ അവരുടെ പേര് കൊത്തിവെക്കാമെങ്കിൽ ഞങ്ങൾക്കെന്താ? ചോദിക്കുന്നത് കുമ്പള പഞ്ചായത്ത് ഭരണസമിതിയാണ്. പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയിൽ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും പേരും ചിത്രവും കൊത്തിവെച്ചുകൊണ്ടാണ് കുമ്പള ഇപ്പോൾ ശ്രദ്ധേയമായത്. കുമ്പള പഞ്ചായത്ത് 40 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെ 23 അംഗങ്ങളുടെ പേരും ചിത്രവും പ്രദർശിപ്പിച്ചിരിക്കുന്നത്.
അംഗങ്ങളുടെ കൂട്ടത്തിൽ സെക്രട്ടറിയുടെ പേരും ചിത്രവും ഉണ്ട്. പഞ്ചായത്തിന്റെ അനുമതിയോ, സെക്രട്ടറിയുടെ അംഗീകാരമോ ഇല്ലാതെ പദ്ധതിയിൽ പഞ്ചായത്ത് ഭരണസമിതിയുടെ പേര് വെച്ചത് നീക്കം ചെയ്യാൻ സെക്രട്ടറി കെ. സുമേശൻ നിർദേശം നൽകി. ‘ഇത് ചട്ടവിരുദ്ധമായതാണ്. പരാതിയുണ്ട്. നീക്കാൻ നിർദേശം നൽകിയിട്ടുണ്ട്’ എന്ന് അദ്ദേഹം പ്രതികരിച്ചു.
സി.പി.എം അംഗം അനിൽകുമാർ ഇതിനെതിരെ പരാതി നൽകിയിരുന്നു. എം.എൽ.എ, എം.പി എന്നീ ജനപ്രതിനിധികൾക്ക് പ്രത്യേക പ്രാദേശിക വികസന ഫണ്ട് ഉണ്ട്. അതിലാണ് അവരുടെ ‘വക’യായി പേര് കൊത്തിവെക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന് പ്രത്യേക ഫണ്ട് ഇല്ല. പഞ്ചായത്തിനാണ് ഫണ്ട്. മുൻ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തിന്റെ സ്കോർപിയോ വാഹനത്തിന് പ്രസിഡന്റ് എന്ന് ബോർഡ് വെച്ചത് ചട്ട ലംഘനമായി കണ്ട് നീക്കം ചെയ്യാൻ കലക്ടർ നിർദേശിച്ചിരുന്നു. നഗരസഭയിൽ വൈസ് ചെയർമാന് കാർ ഇല്ല.
എന്നാൽ സ്വന്തം കാറിന് വൈസ് ചെയർമാൻ എന്ന് ബോർഡ് വെക്കുന്നതും പഞ്ചായത്ത് പദ്ധതികൾക്ക് പ്രസിഡന്റിന്റെ പേരു വെക്കുന്നതും പഞ്ചായത്തീരാജ് ആക്ട് പ്രകാരം ചട്ട ലംഘനമാണെന്ന് തദ്ദേശ വകുപ്പ് വൃത്തങ്ങളും പ്രതികരിച്ചു. ‘ .....ഗ്രാമ പഞ്ചായത്ത്’ എന്ന് മാത്രമേ പഞ്ചായത്ത് വാഹനങ്ങൾക്ക് പേര് വെക്കാവൂ എന്നാണ് ചട്ടം. കുമ്പളയിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതയാണ് തദ്ദേശ പദ്ധതികൾക്ക് പ്രസിഡന്റിന്റെയും വാർഡ് അംഗത്തിന്റെയും പേര് വെക്കുന്നത് എന്ന് സി.പി.എം അംഗം അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.