കുമ്പള ടൗണിൽ സീബ്രാ ലൈനിന് സമീപം നിർത്തിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്
ബസ് ഷെൾട്ടർ നിർമിച്ചിട്ടും ബസ് നിർത്തുന്നത് റോഡിൽ
കുമ്പള: കുമ്പളയിൽ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ബസ് ഷെൽട്ടർ നിർമിച്ചിട്ടും കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകൾ യാത്രക്കാരെ കയറ്റുന്നത് തോന്നിയ സ്ഥലത്ത്. ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി കുമ്പളയിൽ നഗരത്തിൽ നാല് ബസ് ഷെൾട്ടറുകൾ നിർമിച്ചിട്ടുണ്ട്. ഇവിടെയാണ് ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. ഇവിടെനിന്ന് യാത്രക്കാരെ കയറ്റി പോകുന്ന ബസുകൾ ടൗണിലെ വിവിധ ഭാഗങ്ങളിൽ നിർത്തിയിടുന്നത് ടൗണിൽ എത്തുന്ന വിദ്യാർഥികളടക്കമുള്ള കാൽ നടയാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്.
പലപ്പോഴും ടൗണിലെ സീബ്രാ ലൈനിൽ പോലും ശ്രദ്ധിക്കാതെയാണ് ബസ് നിർത്തിയിടുന്നത്. ബസ് നിർത്തിയിടുമ്പോൾ സീബ്രാലൈനിൽ കൂടി റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് മുന്നോട്ട് എടുത്താൽ അപകടം ഉറപ്പാണ്. റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാരനെ ഡ്രൈവർക്ക് കാണാനും സാധിക്കില്ല. ബസുകൾ നിർത്തിയിടേണ്ട സ്ഥലത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും, ഇതിനിടയിൽ നിർത്തിയിട്ട ബസിനെ മറികടന്ന് വാഹനങ്ങളും മറ്റും പോകാൻ ശ്രമിക്കുന്നതും കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. ഇവിടങ്ങളിൽ ട്രാഫിക് പൊലീസിനെ നിയമിച്ച് കൊണ്ട് അനധികൃത പാർക്കിങ്ങിന് നടപടി എടുക്കാൻ അധികൃതർ തയാറാകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
സ്വകാര്യ ബസ്സുകൾ കുമ്പള ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് കുമ്പള ഗ്രാമപഞ്ചായത്തും മോട്ടോർ വാഹന വകുപ്പും പൊലീസും ബസ് ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടും ഇതുവരെ ബസ് ജീവനക്കാർ ഉത്തരവ് നടപ്പിൽ വരുത്താൻ തയാറായിട്ടില്ല. ഇതിനിടയിലാണ് ടൗണിലെ റോഡിൽ വെച്ച് യാത്രക്കാരെ കയറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.