പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഓടിക്കുന്നത് വർധിച്ചു. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കളടക്കമുള്ളവർക്കെതിരെ പൊലീസ് നിയമനടപടി ശക്തമാക്കി. കഴിഞ്ഞദിവസം നടന്ന വാഹനപരിശോധനയിൽ 10ഓളം കുട്ടി ഡ്രൈവർമാർ കുടുങ്ങി. വാഹനം ഓടിക്കാൻ നൽകിയ ബന്ധുക്കൾക്കെതിരെ കേസെടുത്ത് നടപടി സ്വീകരിച്ചു.
ഇരുചക്രവാഹനം ഓടിച്ച പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കർശന പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. കുമ്പള, മഞ്ചേശ്വരം, വിദ്യാനഗർ, കാസർകോട്, ബേക്കൽ, ബേഡകം, മേൽപറമ്പ് പൊലീസാണ് കഴിഞ്ഞദിവസം കുട്ടികൾ ഓടിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. ബംബ്രാണയിൽനിന്ന് കഴിഞ്ഞദിവസം വൈകീട്ട് 15കാരൻ ഓടിച്ച സ്കൂട്ടർ കുമ്പള പൊലീസ് പിടികൂടി. സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മാവനെതിരെ കേസെടുത്തു.
ബേക്കലിൽ 17കാരിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിനെതിരെ കേസെടുത്തു. മാതാവാണ് വാഹനം നൽകിയതെന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് കേസ്. ഉപ്പളയിൽ 16കാരൻ ഓടിച്ച സ്കൂട്ടർ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് അമ്മാവനെതിരെ കേസെടുത്തു. തളങ്കരയിൽ 17കാരൻ ഓടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്ത കാസർകോട് പൊലീസ് കുട്ടിയുടെ അമ്മാവനെതിരെ കേസെടുത്തു. കല്ലക്കട്ടയിൽ 17കാരൻ ഓടിച്ച സ്കൂട്ടർ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്ത് മാതാവിനെതിരെ കേസെടുത്തു. ബംബ്രാണയിൽ 16കാരൻ ഓടിച്ച സ്കൂട്ടർ കുമ്പള പൊലീസ് പിടികൂടി പിതാവിനെതിരെ കേസെടുത്തു.
ചൂരിത്തട്ക്കയിൽ 17കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടിയ കുമ്പള പൊലീസ് അമ്മാവനെതിരെ കേസെടുത്തു. പള്ളത്തിങ്കാലിൽനിന്ന് 17കാരൻ ഓടിച്ച സ്കൂട്ടർ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്ത് പിതാവിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. തായൽ മൗവ്വലിൽനിന്ന് 15കാരൻ ഓടിച്ച സ്കൂട്ടർ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹനം ഓടിക്കാൻ നൽകിയ മാതാവിന്റെ പേരിൽ കേസെടുത്തു. കോളിയടുക്കത്ത് 16കാരൻ ഓടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്ത മേൽപറമ്പ് പൊലീസ് വാഹന ഉടമയായ മാതാവിന്റെ പേരിൽ കേസെടുത്തു.
കടുത്ത പിഴ ഉൾപ്പെടെ കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നവർക്കെതിരെ പൊലീസും കോടതിയും ചുമത്തുമ്പോഴും രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നതിൽ കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹോസ്ദുർഗ്, ചന്തേര, നീലേശ്വരം, അമ്പലത്തറ പൊലീസ് രണ്ടുദിവസം മുമ്പ് കുട്ടിഡ്രൈവർമാരെ പിടികൂടി ബന്ധുക്കളുടെ പേരിൽ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.