പള്ളിക്കര റെയിൽവേ മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കേണ്ട ഭാഗം

പള്ളിക്കര മേൽപാലം പ്രവൃത്തി നിർത്തി

നീലേശ്വരം: പള്ളിക്കര റെയിൽവേ മേൽപാലം നിർമാണം താൽക്കാലികമായി നിർത്തി. പാളത്തിന്റെ ഇരുവശങ്ങളിലും പൂർത്തിയായ തൂണുകൾക്ക് മുകളിൽ കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കേണ്ട പ്രവൃത്തി മാത്രമാണ് ഇനി ബാക്കിയുള്ളത്. ഗർഡറുകൾ സ്ഥാപിക്കണമെങ്കിൽ മഴക്കാലം കഴിയണം. അത്യാധുനിക പടുകൂറ്റൻ ക്രെയിനും ആവശ്യമാണ്‌. ടൺകണക്കിന് ഭാരമുള്ള ക്രെയിൻ കൊണ്ടുവരണമെങ്കിൽ ഇതിന്റെ ഭാരംതാങ്ങാവുന്ന വാഹനവും പള്ളിക്കരയിൽ എത്തണം. എന്നാൽ, ദേശീയപാത വികസനം നടക്കുന്നതിനാൽ റോഡെല്ലാം തകർന്നനിലയിലാണ്. പള്ളിക്കര കാര്യങ്കോട് ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. റോഡ് നവീകരിച്ചാൽ മാത്രമേ ക്രെയിൻ വഹിച്ചുകൊണ്ടുള്ള ലോറിക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. ഗർഡർ സ്ഥാപിച്ച ശേഷം കോൺക്രീറ്റ് റോഡ് നിർമാണത്തിനും മാസങ്ങൾ വേണ്ടിവരും.

ഗർഡർ സ്ഥാപിക്കണമെങ്കിൽ കേന്ദ്ര റെയിൽവേ വകുപ്പിന്റെ പ്രത്യേകം അനുമതിയും വേണം. പാലം അവസാനിക്കുന്ന കാര്യങ്കോട് ഭാഗത്തേക്കുള്ള റോഡ് നിർമാണവും പൂർത്തിയാകാനുണ്ട്. 2023 മേയ് മാസത്തോടെ മാത്രമേ നിർമാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കുകയുള്ളൂ. 2021 ഒക്ടോബറിലാണ് മേൽപാലം നിർമാണം ആരംഭിച്ചത്. ഒന്നരവർഷംകൊണ്ട് പണി പൂർത്തിയാക്കുമെന്ന നിർമാണ കമ്പനി സർക്കാറിന് നൽകിയ ഉറപ്പ് പല കാരണങ്ങളാൽ നീണ്ടുപോയി. എറണാകുളം ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. 65 കോടി രൂപയാണ് നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തുക.

Tags:    
News Summary - Pallikkara flyover work stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.