നീലേശ്വരം: നൂറുകണക്കിന് യാത്രക്കാരുടെ വഴിമുടക്കി റെയിൽവേ വകുപ്പിന്റെ നടപടി. നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽനിന്ന് മുത്തപ്പൻ മടപ്പുരയുടെ മുന്നിലൂടെ പോയി തട്ടാച്ചേരി വാർഡ് റോഡിൽ അവസാനിക്കുന്ന പാതയാണ് രണ്ടാഴ്ചയിലേറെയായി റെയിൽവേ അടച്ചിട്ടത്. റോഡിൽ കുറുകെ രണ്ട് സ്ലീപ്പറുകൾ വെച്ചാണ് വഴി തടസ്സപ്പെടുത്തിയത്. പള്ളിക്കര, കരുവാച്ചേരി, മുണ്ടേമ്മാട്, ചെമ്മാക്കര, കൊയാമ്പുറം തുടങ്ങിയ പ്രേദേശങ്ങളിലെ റെയിൽവേ യാത്രക്കാരുടെ വഴിയാണ് ഇതുമൂലം ഇല്ലാതായത്. റെയിൽവേ അധികൃതരുടെ ഭൂമിയാണെങ്കിലും ബ്രീട്ടീഷ് ഭരണകാലം മുതൽ ജനങ്ങൾ ഉപയോഗിക്കുന്ന പാതയാണിത്.നഗരസഭയുടെ റോഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള ഈ വഴിയിൽ വാഹനങ്ങളും ആളുകൾ നടന്നുവരുന്നതും വർഷങ്ങളായുള്ളതാണ്.
റെയിൽവേയുടെ ആവശ്യത്തിന് ഈവഴി അടച്ചിട്ടപ്പോൾ യാത്രക്കാർക്ക് സ്റ്റേഷനിലെത്താൻ പാകത്തിൽ മറ്റൊരു വഴിയൊരുക്കുമെന്നാണ് കരുതിയത്. പക്ഷേ, റെയിൽവേ പകരം സംവിധാനമൊന്നും ഒരുക്കിയില്ല. ഗതാഗതക്കുരുക്കിലമരുന്ന നീലേശ്വരം നഗരംചുറ്റാതെ സ്റ്റേഷന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന വഴിയാണ് അടച്ചിട്ടത്. യാത്രക്കാരോട് റെയിൽവേ വകുപ്പ് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് വഴി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.