നീലേശ്വരം വെടിക്കെട്ടപകടം; കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു

നീലേശ്വരം: 2024 ഒക്ടോബർ 28ന് രാത്രി നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടെ ആറുപേർ മരിക്കുകയും 200ലധികം പേർക്ക് പൊള്ളലേൽക്കുകയും ചെയ്ത വെടിക്കെട്ടപകട കേസിന്റെ കുറ്റപത്രം ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഫയലിൽ സ്വീകരിച്ചു. 2026 ഏപ്രിൽ 30നാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ.പി. സുരേഷ് ബാബു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്‌.

രണ്ടു മാസത്തിലധികം സമയമെടുത്ത് പരിശോധിച്ച ശേഷമാണ് കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്. മുന്നറിയിപ്പ് വകവെക്കാതെ പടക്കം സൂക്ഷിച്ച കെട്ടിടത്തിന് സമീപം അശ്രദ്ധമായി പടക്കം പൊട്ടിച്ചതാണ് അപകടകാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 1200 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്‌.

ഗുരുതരമായി പരിക്കേറ്റവരുടെ മൊഴികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ഒന്നാം പ്രതി പടക്കം പൊട്ടിച്ച രാജേഷ് തെരുവും (42), കെ.വി. വിജയൻ (56) രണ്ടാം പ്രതിയുമാണ്. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.ടി. ഭരതൻ (64), പ്രസിഡൻറ് പി.കെ. ചന്ദ്രശേഖരൻ (64), കെ.വി. ഭാസ്കരൻ (75), പി. തമ്പാൻ (65), എം. ചന്ദ്രൻ (63), എം. ബാബു (61), പി. ശശി (60) എന്നിവരാണ് മൂന്നു മുതൽ ഒമ്പത് വരെയുള്ള പ്രതികൾ. പ്രതികൾക്കെതിരെ എക്സ് പ്ലോസിവ് ആക്റ്റ് പ്രകാരം നരഹത്യ കുറ്റം ചുമത്തിയതിനാൽ ജില്ല സെഷൻസ് കോടതിയിലാകും വിചാരണ തുടങ്ങുക. ഒന്നരവർഷത്തിലധികം നീണ്ട അന്വേഷണത്തിൽ 216 സാക്ഷികളിൽനിന്നാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്‌.

മംഗളൂരു, കാസർകോട്, കണ്ണൂർ പരിയാരം, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലെ 29 മെഡിക്കൽ ഓഫിസർമാരുടെയും മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. 120 വൂണ്ട് സർട്ടിഫിക്കറ്റുകൾ ശേഖരിച്ചു. ജില്ല ഫോറിൻസിക് ലാബിൽ നടന്ന ശാസ്ത്രീയ പരിശോധനയിൽ സ്ഫോടനത്തിൽ നിരോധിത വസ്തുക്കളുടെ സാന്നിധ്യമില്ല എന്ന് കണ്ടെത്തിയിരുന്നു.

കരിന്തളം മഞ്ഞളംകാട്ടെ കെ. രതീഷ് (41), കെ. ബിജു (37), സി. സന്ദീപ് (38), കെ.വി. രഞ്ജിത്ത് (35), ചെറുവത്തൂർ ഓർക്കുളത്തെ ഷിബിൻരാജ് (19), നീലേശ്വരം തേർവയലിലെ പി.സി. പത്മനാഭൻ (75) എന്നിവരാണ് വെടിക്കെട്ടപകടത്തിൽ മരിച്ചത്‌.

നീലേശ്വരം തെരു വെടിക്കെട്ടപകടത്തിന്റെ ഫയൽചിത്രം. (ഇൻസെറ്റിൽ) മരിച്ചവർ

Tags:    
News Summary - Nileshwaram fireworks accident; Chargesheet accepted in court file

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.