കുമ്പള: കേന്ദ്ര അനുമതിയില്ലാതെ ടോൾ പിരിക്കാൻ ഹൈവേ അതോറിറ്റിക്ക് അനുവാദമില്ലെന്ന് ഹൈകോടതി. കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചശേഷം ടോൾ തുടങ്ങുകയും ശേഖരിക്കുകയും ചെയ്യുകയുള്ളൂവെന്ന് അതോറിറ്റി ഹൈക്കോടതി മുമ്പാകെ സമ്മതിച്ചു. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം.
സിംഗിൾ ബെഞ്ച് ജസ്റ്റിസ് സി.എസ്. ഡയസിന്റെതാണ് ഉത്തരവ്. ടോൾ ഇല്ലാതാക്കാൻ ബി.ജെ.പി ഇടപെടണമെന്ന് ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആക്ഷൻ കമ്മിറ്റി വർക്കിങ് ചെയർമാൻ സി.എ. സുബൈർ അധ്യക്ഷത വഹിച്ചു. അഷ്റഫ് കാർള, നാസർ മൊഗ്രാൽ, എ.കെ. ആരിഫ്, രഘുദേവൻ, ലോകനാഥ് ഷെട്ടി, ലക്ഷ്മണ പ്രഭു, രഘുദേവൻ, അബ്ദുല്ലത്തീഫ് കുമ്പള, കെ.ബി. യൂസഫ്, പൃഥ്വിരാജ് ഷെട്ടി, ഫാറൂഖ് ഷിറിയ, അസീസ് കളത്തൂർ, ബി.എൻ. മുഹമ്മദലി, ജംഷീർ മൊഗ്രാൽ എന്നിവർ സംസാരിച്ചു.
ഹൈകോടതി വിധി പ്രതീക്ഷ പകരുന്നു -എം.എൽ.എ
ഉപ്പള: ഹൈകോടതി വിധി പ്രതീക്ഷ പകരുന്നതാണെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ.എം അഷ്റഫ് എം.എൽ.എ. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടരുന്ന ജനകീയ സമരങ്ങൾ ഹൈകോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും അനുകൂല ഇടപെടലിന് വഴി വെച്ചു. കേന്ദ്ര സർക്കാർ അനുമതിയില്ലാതെ ടോൾ പ്ലാസയുടെ പ്രവർത്തനം തുടങ്ങാനും ടോൾ വാങ്ങിക്കാനും അതോറിറ്റിക്ക് കഴിയില്ലെന്നാണ് ഹൈകോടതി നിരീക്ഷിച്ചത്. ബി.ജെ.പി സർക്കാർ കുമ്പള ടോൾ പ്ലാസയിൽനിന്ന് പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാരും ടോൾ പ്ലാസയെ എതിർക്കുമെന്ന് കാസർകോട്ടെ ബി.ജെ.പി നേതാക്കൾ ഉറപ്പുവരുത്തുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.