മെത്താംഫിറ്റമിൻ കേസ് അഞ്ചു പ്രതികൾക്ക് 15 വർഷം വീതം തടവ്
കാസർകോട്: 150 ഗ്രാം മെത്താംഫിറ്റമിൻ മയക്കുമരുന്ന് പിടികൂടിയ കേസിൽ രണ്ട് നൈജീരിയൻ പൗരന്മാർ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് 15 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. മൂന്നാം പ്രതികൾ രണ്ട് വകുപ്പുകളിലായി 30 വർഷമാണ് ശിക്ഷ നാല് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകാതിരുന്ന ഒന്നും രണ്ടും പ്രതികളായ ദമ്പതികൾക്ക് കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു.
ജില്ല അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ടി.എച്ച്. രജിതയാണ് ശിക്ഷ വിധിച്ചത്. ചട്ടഞ്ചാൽ തൈര സ്വദേശികളായ അബൂബക്കർ (38), ഭാര്യ അമീന അശ്ര (35), ബെംഗളൂരു സ്വദേശി വസീം അക്രം (35), നൈജീരിയൻ പൗരന്മാരായ ഹഫ്സ റിഹാനത്ത് ഉസ്മാൻ എന്ന ബ്ലസിങ് ജോയ് (25), ഉക്കമോസസ് (41) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
ഇതിൽ മൂന്നാം പ്രതിയായ വസീം അക്രത്തിന് 15 വർഷം അധിക കഠിന തടവും നാല് ലക്ഷംരൂപ പിഴയും കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതി അബൂബക്കറും രണ്ടാം പ്രതി അമീന അശ്രയും വിധി പറയുന്ന സമയത്ത് കോടതിയിൽ ഹാജരായിരുന്നില്ല. നാലാം പ്രതിയായിരുന്ന സൂരജിനെ കോടതി നേരത്തേ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. 2023 ഏപ്രിൽ 21നാണ് കാറിൽ കടത്തുന്നതിനിടെ 150 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയത്. മയക്കുമരുന്ന് വാങ്ങുന്നതിനായി പണം മുടക്കിയത് മൂന്നാം പ്രതിയായ വസീം അക്രമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കേസിൽ പൊലീസ് ശേഖരിച്ച തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് കോടതി അഞ്ച് പ്രതികളെയും കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്. നൈജീരിയൻ പൗരന്മാരെ പ്രതികളാക്കി ശിക്ഷ വിധിച്ച കേരളത്തിലെ ആദ്യത്തെ കേസാണിതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ലോഹിതാക്ഷൻ ഇടയില്ലവും അഡ്വ. ആതിര ബാലനും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.