ചാലിങ്കാല്‍ രാവണീശ്വരം ജങ്ഷന്റെ കിഴക്കുഭാഗത്ത് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളുടെ നിര
ദേശീയപാതയോരം നിര്‍ത്തിയിടുന്ന ലോറികൾ അപകട ഭീഷണിയാകുന്നു
കാഞ്ഞങ്ങാട്: ദേശീയപാതയോരങ്ങളിൽ നിര്‍ത്തിയിടുന്ന ലോറികള്‍ അപകട ഭീഷണിയാകുന്നു. ചാലിങ്കാല്‍ രാവണീശ്വരം ജങ്ഷനടുത്ത് കിഴക്കുഭാഗത്ത് ഉൾപ്പെടെ രാവിലെയും വൈകീട്ടും നിർത്തിയിടുന്ന ലോറികളാണ് ഭീഷണിയാകുന്നത്. ചരക്ക് ലോറികളടക്കമുളള വാഹനങ്ങളുടെ നീണ്ട നിര പതിവുകാഴ്ചയാണ്. മണിക്കൂറുകളോളമാണ് ലോറികള്‍ നിര്‍ത്തിയിടുന്നത്.
രാവിലെ ചാലിങ്കാല്‍ ഗവ. എല്‍.പി സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കടക്കം നടന്നുപോകാന്‍ ലോറികള്‍ തടസ്സമാകുന്നു. സ്കൂളിലേക്ക് പോകുന്ന റോഡിന് വിലങ്ങനെ പോലും ലോറികള്‍ നിര്‍ത്തിയിടുന്നു. സ്കൂളിന് സമീപത്തുകൂടിയുള്ള റോഡ് ചാലിങ്കാല്‍ കുളം വഴി നാര്‍ക്കുളം ഭാഗത്തേക്കാണ് പോകുന്നത്. ദിവസവും ഓട്ടോകളും കാറുകളും സ്കൂള്‍ വാഹനങ്ങളും ഈ റോഡിലൂടെ പോകുന്നുണ്ട്. രാവിലെ രാവണീശ്വരം, തണ്ണോട്ട്, കേളോത്ത്, ചാലിങ്കാല്‍ മൊട്ട തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് ചാലിങ്കാല്‍ ഗവ. എല്‍.പി സ്കൂളിലേക്ക് കുട്ടികളെയും കയറ്റി പോകുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ലോറികള്‍ മറയുന്നത് കാരണം എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുന്നില്ല. ദേശീയപാതയില്‍നിന്ന് ഇടറോഡിലേക്കും തിരിച്ചും വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ അപകടസാധ്യത ഏറെയാണ്. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികളാണ് ഏറെ നേരം നിര്‍ത്തിയിടുന്നത്. വൈകീട്ട് നിര്‍ത്തിയിടുന്ന ലോറികള്‍ രാത്രി വൈകും വരെയുണ്ടാകും.
ലോറികള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തിനപ്പുറം അക്കേഷ്യാമരങ്ങളടക്കം ഇടതൂര്‍ന്ന് വളര്‍ന്ന കാടാണ്. ലോറികളുടെ പുറത്ത് വിശ്രമിക്കുന്നത് അപരിചിതരായ ഇതര സംസ്ഥാനക്കാരായതിനാല്‍ സ്ത്രീകള്‍ രാത്രി ഇതുവഴി നടന്നുപോകാന്‍ ഭയപ്പെടുന്നു. ദേശീയപാതയിലേക്ക് കയറ്റി നിര്‍ത്തുന്നതിനാല്‍ ഇതുവഴി പോകുന്ന മറ്റ് വാഹനങ്ങള്‍ക്കും ഗതാഗതത്തിന് ബുദ്ധിമുട്ടാകുന്നതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.