ജില്ല സ്കൂൾ കായികമേളയുടെ ഉദ്ഘാടന ഭാഗമായി ബാനം ഗവ. ഹൈസ്കൂൾ പ്രഥമാധ്യാപിക സി. കോമളവല്ലി സംഘാടക സമിതി കൺവീനർ സുനിൽകുമാറിന് ദീപശിഖ കൈമാറുന്നു
ജില്ല സ്കൂൾ കായിക മേള: കൗമാര കുതിപ്പിന്റെ ട്രാക്ക് ഇന്നുണരും
നീലേശ്വരം: ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന 68 ാമത് റവന്യൂ ജില്ല സ്കൂൾ കായിക മേള 16 മുതൽ 18 വരെ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്നതിന്റെ ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാസർകോട് റവന്യൂ ജില്ലയിലെ ഏഴ് സബ് ജില്ലകളിൽനിന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ, പെൺ വിഭാഗത്തിലായി 1500 കായിക താരങ്ങളും 150 ഒഫിഷ്യലുകളും പങ്കെടുക്കും.
റിലേ മത്സരമുൾപ്പെടെ 95 ഇനങ്ങളിലായാണ് ഓർഡർ ഓഫ് ഇവന്റ്സ് പ്രകാരം മൂന്നു ദിവസം മത്സരങ്ങൾ നടക്കുന്നത്. 17ന് അധ്യാപകർക്കുള്ള മത്സരങ്ങൾ നടക്കും. അധ്യാപകർക്ക് പുരുഷവിഭാഗത്തിൽ 40ന് മുകളിൽ, 40ന് താഴെ കാറ്റഗറിയിലും, അധ്യാപികമാർക്ക് വനിത 30ന് മുകളിൽ, 30ന് താഴെ കാറ്റഗറിയിലും 100, 400 , 1500 , 200 ഷോട്പുട്, ലോങ് ജംപ് എന്നീ ഇനങ്ങളിലാണ് അധ്യാപകർക്കുള്ള മത്സരങ്ങൾ. ജില്ല മത്സരങ്ങളിൽനിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന കായിക താരങ്ങൾ ഈ മാസം 25 മുതൽ 30 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന കായിക മേളയിൽ ജില്ല ടീമിനുവേണ്ടി പങ്കെടുക്കും. കായിക മേളയുടെ ഭാഗമായി ഇ.എം.എസ് സ്റ്റേഡിയത്തിൽ എത്തുന്ന ദീപശിഖയുടെ റാലി കഴിഞ്ഞ വർഷത്തെ ആതിഥേയരായ ബാനം ജി.എച്ച്.എസ് സ്കൂളിൽനിന്ന് ഈ വർഷത്തെ ആതിഥേയ വിദ്യാലയമായ ചയ്യോത്ത് ജി.എച്ച്.എസ് സ്കൂളിലേക്ക് ദേശീയ, സംസ്ഥാന കായിക താരങ്ങളുടെ അകമ്പടിയോടെ 15ന് വൈകീട്ട് 3.30ന് എത്തിച്ചേർന്നു.
ബാനം സ്കൂളിൽ നടന്ന ചടങ്ങിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗം ബി. അജിത, മദർ പി.ടി.എ പ്രസിഡന്റ് യു. മായാദേവി, വികസന സമിതി ചെയർമാൻ ബാനം കൃഷ്ണൻ, ചായ്യോത്ത് പി.ടി.എ പ്രസിഡൻറ് പി. മനോഹരൻ, പി.കെ. ബാലചന്ദ്രൻ, അനൂപ് പെരിയൽ, ഇ.വി. സുനിൽ കുമാർ, ജോസഫ്, പി.വി. സുനിൽ, ആദർശ്, പ്രദീപ് എന്നിവർ സംസാരിച്ചു. ഒക്ടോബർ 16ന് രാവിലെ 10.30ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.18ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.
സന്ദീപ് വാര്യർ എം.എൽ.എ വിജയികൾക്കുള്ള സമ്മാനം നൽകും. സംഘാടകസമിതി ചെയർമാൻ എം. രാജൻ, കൺവീനർ കെ.ടി. സീമ, എം. സുനിൽകുമാർ, വൈസ് ചെയർമാൻ പി. മനോഹരൻ, നികേഷ് മാടായി, പ്രോഗ്രാം സെക്രട്ടറി കെ.വി. ബിജു, ടി.ആർ. പ്രീതി മോൾ, ടി. ദീപേഷ് കുമാർ, പി.വി. സുനിൽ, പി.വി. സുകുമാരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.