കൊല്ലപ്പെട്ട സൈനുൽ ആബിദീൻ, റിയാസ് മൗലവി

‘കാസർകോട്ടെ കൊലക്കേസുകളുടെ വിധി’; ​സൈനുൽ ആബിദീൻ വധക്കേസിൽ ആർ.എസ്.എസുകാരെ വെറുതെ വിട്ടതിനെതിരെ മുൻ ഡി.വൈ.എസ്.പി

കാസർകോട്: വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സമാധാനം കാംക്ഷിക്കുന്ന എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന വിധികളാണ് കാസർകോട്ട് കോടതികൾ ചുട്ടെടുക്കുന്നതെന്ന് മുൻ ഡി.വൈ.എസ്.പിയും കാസർകോട് ചെമനാട് സ്വദേശിയുമായ അബ്ദുറഹീം. തളങ്കര നുസ്രത്ത് നഗര്‍ സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായിരുന്ന സൈനുല്‍ ആബിദീന്‍ (24) വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിധി തീർത്തും നിരാശാജനകമായിരുന്നു എന്ന് പറയാതെ വ​യ്യെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘ഇതിന് മുമ്പും ഇതേ തരത്തിലുള്ള വിധിയായിരുന്നു റിയാസ് മൗലവി കേസിലും കണ്ടത്. ഒരാളുമായും പ്രശ്നമുണ്ടാക്കാത്ത റിയാസ് മൗലവി പള്ളിയിൽ കിടന്നുറങ്ങുമ്പോഴാണ് തീവ്ര ഹിന്ദു വർഗീയവാദികളാൽ കൊല ചെയ്യപ്പെടുന്നത്. കേസിലെ ഗൂഢാലോചന പോലും അന്വേഷിക്കാതെ, എന്നാൽ "കുറ്റമറ്റ" രീതിയിൽ കേസ് അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘം കാത്തിരുന്നത് പ്രതികൾക്കൊക്കെയും കൃത്യമായ ശിക്ഷ നിയമ വ്യവസ്ഥ വിധിക്കുമെന്നായിരുന്നു.

പ്രസ്തുത കേസിൽ ഗൂഢാലോചനയെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന് ബഹുമാനപ്പെട്ട കോടതി പോലും ചോദിച്ചപ്പോൾ, അത്തരം ഒരു ഗൂഢാലോചന കൂടി അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം എന്തുകൊണ്ട് സമുദായ നേതൃത്വത്തിനുണ്ടായില്ല. സൈനുൽ ആബിദീൻ കേസിൽ, റിയാസ് മൗലവി കേസിലേതുപോലുള്ള തീർത്തും നിരാശാജനകമായ വിധിയാണ് വന്നിരിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.

‘പൊലീസ് അന്വേഷണം കൃത്യമായ രീതിയിൽ’

സൈനുൽ ആബിദീൻ കൊലകേസിൽ പൊലീസ് കൃത്യമായ രീതിയിലാണ് അന്വേഷണം നടത്തിയത് എന്നാണ് മനസ്സിലാകുന്നതെന്ന് കാസർകോട് ജില്ലാ ക്രൈം റെകോര്‍ഡ്സ് ബ്യൂറോ തലവൻ കൂടിയായിരുന്ന റഹീം പറയുന്നു.  ‘സംഭവസ്ഥലത്ത് വച്ച് ഒന്നാം പ്രതിയുടെ ചെരുപ്പ് പൊലീസ് മഹസർ പ്രകാരം ബന്തവസിൽ എടുത്തിട്ടുണ്ട്. അത് ഒന്നാം പ്രതിയുടെതാണെന്ന് തെളിയിക്കാൻ ആവശ്യമായ നടപടിക്രമങ്ങളും പൊലീസ് ചെയ്തിട്ടുണ്ട്. പ്രതികളുടെ കുറ്റസമ്മത മൊഴി അനുസരിച്ച് കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

എന്നാൽ പൊലീസിന്റെ ചെറിയ വീഴ്ചകളെ പോലും പർവതീകരിച്ച് പൊലീസിൻറെ ഓരോ നടപടിക്രമങ്ങളും സംശയദൃഷ്ടിയോടെ മാത്രം വിലയിരുത്തി, ഓരോന്നും ഇഴകേറി പരിശോധിച്ച്, എങ്ങിനെ പ്രതികളെ വെറുതെ വിടാം എന്ന് ഗവേഷണം നടത്തിയാണ് കോടതി വിധി പ്രഖ്യാപിച്ചത് എന്ന് സമാധാനകാംക്ഷികൾ ആരോപിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്?’ -അദ്ദേഹം ചോദിച്ചു.

‘കാസർകോട് പല കേസുകളിലും സാക്ഷികൾ മൊഴി മാറ്റുന്നു’

പൊലീസിന് നൽകിയ മൊഴിയോട് കൂറുപുലർത്തുന്ന മൊഴിയല്ല പല സാക്ഷികളും കോടതിയിൽ പറഞ്ഞതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. ‘കാസർകോട് നടക്കുന്ന പല കേസുകളിലും സാക്ഷികൾ പൊലീസിന് നൽകിയ മൊഴി പിന്നീട് കോടതികളിൽ പറയുന്നതിൽ വിമുഖത കാണിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

പ്രതികളുടെ ഐഡൻറിറ്റിയെ കുറിച്ച് പോലും പൊലീസിനോട് പറഞ്ഞ മൊഴി കോടതിയിൽ ആവർത്തിക്കാൻ പല സാക്ഷികളും തയ്യാറായില്ല എന്നാണ് കോടതി വിധി വായിച്ചപ്പോൾ കണ്ടത്. ദൃക്സാക്ഷി മരണപ്പെട്ട ഈ കേസിൽ സാക്ഷികൾ പ്രോസിക്യൂഷനോടൊപ്പം നിൽക്കാത്തതാണ് കോടതിയെ ഇത്തരം വിധിയിലേക്ക് നയിച്ചത് എന്ന് പറയേണ്ടിവരും. ഇത്തരം വിധികൾക്കെതിരെ നിയമപരമായ മാർഗങ്ങളിലൂടെ മുന്നോട്ടു പോവുക എന്നതാണ് നിയമ സംവിധാനത്തെ മാനിക്കുന്നവരുടെ കർത്തവ്യം.

ഇത്തരം സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട സാക്ഷികളായി പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരെയാണ് പലപ്പോഴും അവലംബിക്കാറുള്ളത്. പ്രതികളുടെ കുറ്റസമ്മതമൊഴി പ്രകാരം ആയുധങ്ങളും മറ്റും വീണ്ടെടുക്കുമ്പോൾ പൊലീസ് ഈ രീതി അവലംബിക്കാറുണ്ട്. എന്നാൽ മറ്റു തരത്തിലുള്ള സാക്ഷികൾക്ക് പൊതുജനങ്ങളെയാണ് ആശ്രയിക്കേണ്ടി വരിക. ഇങ്ങനെയുള്ള സാക്ഷികൾ കൂറുമാറുന്നത് തടയാൻ പൊലീസിന് കഴിയില്ല. ഈ കേസിൽ ഇത്തരം സാക്ഷികൾ പൂർണ്ണമായും കൂറുമാറി എന്ന് പറയാൻ കഴിയില്ലെങ്കിലും പൊലീസിന് നൽകിയ മൊഴികളിൽ കുറച്ചു മാത്രമാണ് അവർ കോടതിയിൽ സമ്മതിച്ചിട്ടുള്ളത് എന്ന് കോടതിവിധി വായിച്ചു നോക്കിയാൽ മനസ്സിലാക്കാം’ -അദ്ദേഹം പറഞ്ഞു.

‘ഇത്തരം കോടതിവിധികൾ പ്രതികൾക്ക് ആത്മവിശ്വാസം പകരുന്നതാണ് എന്നതിൽ സംശയമില്ല. ഡസൻ കണക്കിന് കേസുകളുള്ള കൊടുംക്രിമിനലുകളാണ് ഈ വിധികളിലൂടെ മഹത്വവൽക്കരിക്കപ്പെടുന്നത്. കാസർകോടിന്റെ സോഷ്യൽ ഫാബ്രിക്കിന് ഇത്രത്തോളം പരിക്കേൽപ്പിച്ച വേറെ ക്രിമിനലുകൾ ഉണ്ടോ എന്നത് സംശയമാണ്. അവരുടെ ക്രിമിനൽ പശ്ചാത്തലവും, ദുർനടപ്പും കണക്കിലെടുത്തെങ്കിലും ഇത്തരം ക്രിമിനലുകൾക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ മുന്നോട്ടുവരണമായിരുന്നു. കാസർകോടിന്റെ സ്വൈര്യ ജീവിതം കളങ്കമേതുമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നമുക്ക് ഓരോരുത്തർക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് നാം പൂർണ്ണ ബോധമുള്ളവരാകണം.

നമ്മുടെ നാടിൻറെ സമാധാനന്തരീക്ഷം കാത്തു സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണ്. അതിന് വിഘാതം നിൽക്കുന്നവർ ആരായാലും അവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. നിയമ സംവിധാനത്തോടൊപ്പം ചേർന്നു നല്ലൊരു നാളെക്കായ് നമുക്ക് ഒരുമിക്കാം’ -റഹീം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

2014 ഡിസംബര്‍ 22ന് രാത്രിയാണ് തളങ്കര നുസ്രത്ത് നഗര്‍ സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായിരുന്ന സൈനുല്‍ ആബിദീൻ (24) കൊല്ല​പ്പെട്ടത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ പിതാവിന്റെ മുന്നിലിട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പിതാവ് കെ എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങള്‍ എടുത്തുവെക്കുന്നതിനിടെ കടയിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആബിദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസിലെ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി വെറുതെ വിട്ടത്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്)യുടേതാണ് വിധി. ജഡ്ജി അജിന്ത്യ രാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്. 12 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്.

കേസില്‍ ആകെ 22 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ജ്യോതിഷ് എന്ന പ്രതി വിചാരണക്കാലയളവില്‍ മരണപ്പെട്ടിരുന്നു. ബാക്കി 21 പ്രതികളാണ് കോടതിയില്‍ വിചാരണ നേരിട്ടത്. കേസിലെ ദൃക്സാക്ഷിയായിരുന്ന സൈനുല്‍ ആബിദീന്റെ പിതാവ് വിചാരണ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. മറ്റൊരു സാക്ഷിയായ സഹോദരനും മരണപ്പെട്ടിരുന്നു. ഇവര്‍ രണ്ടുപേരുടെയും വിസ്താരം നടക്കാതെയാണ് വിധി വന്നത്.

കുറിപ്പിന്റെ പൂർണരൂപം:

കാസർകോട്ടെ കൊലക്കേസുകളുടെ ‘വിധി’

കാസർകോട് നഗരത്തിൽ വച്ച് 2014 ൽ കൊല്ലപ്പെട്ട സൈനുൽ ആബിദീൻ എന്ന ചെറുപ്പക്കാരന്റെ കേസിന്റെ വിധി കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട കോടതി പ്രസ്താവിക്കുക ഉണ്ടായല്ലോ ? തീർത്തും നിരാശാജനകമായിരുന്നു എന്ന് പറയാതെ വയ്യ. ഇതിന് മുമ്പും ഇതേ തരത്തിലുള്ള വിധിയായിരുന്നു റിയാസ് മൗലവി കേസിലും നാം കണ്ടത്.

വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സമാധാനം കാംക്ഷിക്കുന്ന എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന വിധികളാണ് കാസർകോട്ട് കോടതികൾ ചുട്ടെടുക്കുന്നത്. ഒരാളുമായും പ്രശ്നമുണ്ടാക്കാത്ത റിയാസ് മൗലവി പള്ളിയിൽ കിടന്നുറങ്ങുമ്പോളാണ് തീവ്ര ഹിന്ദു വർഗീയവാദികളാൽ കൊല ചെയ്യപ്പെടുന്നത്. കേസിലെ ഗൂഢാലോചന പോലും അന്വേഷിക്കാതെ, എന്നാൽ "കുറ്റമറ്റ" രീതിയിൽ കേസ് അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘം കാത്തിരുന്നത് പ്രതികൾക്കൊക്കെയും കൃത്യമായ ശിക്ഷ നിയമ വ്യവസ്ഥ വിധിക്കുമെന്നായിരുന്നു.

റിയാസ് മൗലവി കേസന്വേഷണ സമയത്ത് കാസർകോട് സി ഐ ആയിരുന്ന ഈയുള്ളവനെ, കേവല വ്യക്തിവിരോധത്തിന്റെ പേരിൽ, കാസർകോട്ടെ പ്രബല രാഷ്ട്രീയ സംഘടന ഇടപെട്ട് അന്വേഷണ സംഘത്തിൽ നിന്നും മാറ്റി നിർത്താൻ കാണിച്ചിരുന്ന ഊർജ്ജമൊന്നും റിയാസ് മൗലവി കേസിലെ പ്രതികളെ വെറുതെ വിട്ടപ്പോൾ കണ്ടില്ല. ഇരുട്ടിൻറെ മറവിൽ തീവ്ര ഹിന്ദുത്വ വാദികൾ, പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയുടെ നെഞ്ചകത്തേക്ക് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കഠാര കുത്തിയിറക്കിയപ്പോൾ, കേസന്വേഷണം കുറ്റമറ്റ രീതിയിൽ നടത്തിക്കൊണ്ടുപോകുന്നതിൽ ജാഗ്രത കാണിക്കുന്നതിന് പകരം, സമുദായ സംഘടന രാഷ്ട്രീയ പകപോക്കലിന് ചൂട്ടുപിടിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത് എന്ന് പറയുന്നതിൽ ദുഃഖമുണ്ട്.

പ്രസ്തുത കേസിൽ ഗൂഢാലോചനയെ കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന് ബഹുമാനപ്പെട്ട കോടതി പോലും ചോദിച്ചപ്പോൾ, അത്തരം ഒരു ഗൂഢാലോചന കൂടി അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം എന്തുകൊണ്ട് സമുദായ നേതൃത്വത്തിനുണ്ടായില്ല.

സൈനുൽ ആബിദീൻ കേസിൽ, റിയാസ് മൗലവി കേസിലേതുപോലുള്ള തീർത്തും നിരാശാജനകമായ വിധിയാണ് വന്നിരിക്കുന്നത്.

സ്വന്തം കൺമുന്നിൽ വച്ച് ഹിന്ദുത്വ ക്രിമിനലുകൾ മകനെ കുത്തിക്കൊലപ്പെടുത്തുമ്പോൾ ദൃക്സാക്ഷിയാകാൻ വിധിക്കപ്പെട്ട ഉപ്പയ്ക്ക്, പക്ഷേ ആ പ്രതികളെയൊക്കെയും വെറുതെ വിടുന്ന വിധി കേൾക്കാനുളള അവസരം നൽകാത്തത് ദൈവനീതിയായിരിക്കാം. ദൃക്സാക്ഷികൾ ഇല്ല എന്നതുകൊണ്ട് മാത്രം കേസ് വിട്ടു പോകാറില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത എത്രയോ കേസുകൾ ശിക്ഷിക്കപ്പെട്ടത് നമ്മുടെ കൺമുമ്പിലുണ്ട്. ഞാൻ പയ്യന്നൂർ സി ഐ ആയിരിക്കുന്ന സമയത്ത് പെരിങ്ങോം പൊലീസ് സ്റ്റേഷനിൽ പരിധിയിൽ, ഭാര്യയും പ്രായപൂർത്തിയാകാത്ത മകനും കൂടി 62 വയസ്സുള്ള ഭർത്താവിനെ അർധരാത്രിയിൽ കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷികൾ ആരും ഉണ്ടായിരുന്നില്ലെങ്കിലും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി അവരെ ശിക്ഷിച്ചത് ഈയടുത്ത കാലത്താണ്.

സൈനുൽ ആബിദീൻ കൊലകേസിൽ പൊലീസ് കൃത്യമായ രീതിയിലാണ് അന്വേഷണം നടത്തിയത് എന്നാണ് മനസ്സിലാകുന്നത്. സംഭവസ്ഥലത്ത് വച്ച് ഒന്നാം പ്രതിയുടെ ചെരുപ്പ് പൊലീസ് മഹസർ പ്രകാരം ബന്തവസിൽ എടുത്തിട്ടുണ്ട്. അത് ഒന്നാം പ്രതിയുടെതാണെന്ന് തെളിയിക്കാൻ ആവശ്യമായ നടപടിക്രമങ്ങളും പൊലീസ് ചെയ്തിട്ടുണ്ട്. പ്രതികളുടെ കുറ്റസമ്മത മൊഴി അനുസരിച്ച് കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

എന്നാൽ പൊലീസിന്റെ ചെറിയ വീഴ്ചകളെ പോലും പർവതീകരിച്ച് പൊലീസിൻറെ ഓരോ നടപടിക്രമങ്ങളും സംശയദൃഷ്ടിയോടെ മാത്രം വിലയിരുത്തി, ഓരോന്നും ഇഴകേറി പരിശോധിച്ച്, എങ്ങിനെ പ്രതികളെ വെറുതെ വിടാം എന്ന് ഗവേഷണം നടത്തിയാണ് കോടതി വിധി പ്രഖ്യാപിച്ചത് എന്ന് സമാധാനകാംക്ഷികൾ ആരോപിക്കുന്നതിൽ എന്ത് തെറ്റാണുള്ളത് ? അതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. പൊലീസിന് നൽകിയ മൊഴിയോട് കൂറുപുലർത്തുന്ന രീതിയിലുള്ള സ്റ്റേറ്റ്മെന്റുകൾ അല്ല പല സാക്ഷികളും കോടതിയിൽ പറഞ്ഞത്.

പ്രതികളുടെ ഐഡൻറിറ്റിയെ കുറിച്ച് പോലും പൊലീസിനോട് പറഞ്ഞ മൊഴി കോടതിയിൽ ആവർത്തിക്കാൻ പല സാക്ഷികളും തയ്യാറായില്ല എന്നാണ് കോടതി വിധി വായിച്ചപ്പോൾ കണ്ടത്. ദൃക്സാക്ഷി മരണപ്പെട്ട ഈ കേസിൽ സാക്ഷികൾ പ്രോസിക്യൂഷനോടൊപ്പം നിൽക്കാത്തതാണ് കോടതിയെ ഇത്തരം വിധിയിലേക്ക് നയിച്ചത് എന്ന് പറയേണ്ടിവരും. ഇത്തരം വിധികൾക്കെതിരെ നിയമപരമായ മാർഗങ്ങളിലൂടെ മുന്നോട്ടു പോവുക എന്നതാണ് നിയമ സംവിധാനത്തെ മാനിക്കുന്നവരുടെ കർത്തവ്യം.

കാസർകോട് നടക്കുന്ന പല കേസുകളിലും സാക്ഷികൾ പൊലീസിന് നൽകിയ മൊഴി പിന്നീട് കോടതികളിൽ പറയുന്നതിൽ വിമുഖത കാണിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രധാനപ്പെട്ട സാക്ഷികളായി പൊലീസ്, സർക്കാർ ഉദ്യോഗസ്ഥരെയാണ് പലപ്പോഴും അവലംബിക്കാറുള്ളത്. പ്രതികളുടെ കുറ്റസമ്മതമൊഴി പ്രകാരം ആയുധങ്ങളും മറ്റും വീണ്ടെടുക്കുമ്പോൾ പൊലീസ് ഈ രീതി അവലംബിക്കാറുണ്ട്. എന്നാൽ മറ്റു തരത്തിലുള്ള സാക്ഷികൾക്ക് പൊതുജനങ്ങളെയാണ് ആശ്രയിക്കേണ്ടി വരിക. ഇങ്ങനെയുള്ള സാക്ഷികൾ കൂറുമാറുന്നത് തടയാൻ പൊലീസിന് കഴിയില്ല. ഈ കേസിൽ ഇത്തരം സാക്ഷികൾ പൂർണ്ണമായും കൂറുമാറി എന്ന് പറയാൻ കഴിയില്ലെങ്കിലും പൊലീസിന് നൽകിയ മൊഴികളിൽ കുറച്ചു മാത്രമാണ് അവർ കോടതിയിൽ സമ്മതിച്ചിട്ടുള്ളത് എന്ന് കോടതിവിധി വായിച്ചു നോക്കിയാൽ മനസ്സിലാക്കാം.

2017ന് ശേഷം കാസർകോടിന്റെ പൊതുജീവിതം സമാധാന പൂർണ്ണമാണ്. ഇത്തരം കോടതിവിധികൾ ഒരു പക്ഷേ കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ആത്മവിശ്വാസം പകരുന്നതാണ് എന്നതിൽ സംശയമില്ല. ഡസൻ കണക്കിന് കേസുകളുള്ള കൊടുംക്രിമിനലുകളാണ് ഈ വിധികളിലൂടെ മഹത്വവൽക്കരിക്കപ്പെടുന്നത്.

കാസർകോടിന്റെ സോഷ്യൽ ഫാബ്രിക്കിന് ഇത്രത്തോളം പരിക്കേൽപ്പിച്ച വേറെ ക്രിമിനലുകൾ ഉണ്ടോ എന്നത് സംശയമാണ്. അവരുടെ ക്രിമിനൽ പശ്ചാത്തലവും, ദുർനടപ്പും കണക്കിലെടുത്തെങ്കിലും ഇത്തരം ക്രിമിനലുകൾക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ മുന്നോട്ടുവരണമായിരുന്നു. കാസർകോടിന്റെ സ്വൈര്യ ജീവിതം കളങ്കമേതുമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നമുക്ക് ഓരോരുത്തർക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് നാം പൂർണ്ണ ബോധമുള്ളവരാകണം.

നമ്മുടെ നാടിൻറെ സമാധാനന്തരീക്ഷം കാത്തു സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണ്. അതിന് വിഘാതം നിൽക്കുന്നവർ ആരായാലും അവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. നിയമ സംവിധാനത്തോടൊപ്പം ചേർന്നു നല്ലൊരു നാളെക്കായ് നമുക്ക് ഒരുമിക്കാം.

Tags:    
News Summary - Former DySP against acquittal in Sainul Abideen case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.