ദേശീയപാതയിൽ എരിയാൽ പാലത്തിന് സമീപം റോഡിൽ ചളിവെള്ളം കെട്ടിനിൽക്കുന്ന കുഴികൾ
എരിയാൽ: ദേശീയപാതയിൽ എരിയാൽ പാലത്തിന് സമീപം റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലം യാത്രക്കാർക്ക് ദുരിതം. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിലാണ് ഈ ദുരവസ്ഥ.രാത്രിസമയത്ത് ഇതിലൂടെയുള്ള യാത്ര അപകടങ്ങൾക്ക് കാരണമാകുന്നു. കാസർകോട്- മംഗളൂരു പാതയിലെ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് ഈ ചളിക്കുളം. ഇതിലൂടെ യാത്ര ചെയ്യുമ്പോൾ ബൈക്ക് യാത്രക്കാരുടെ മേൽ ചളിവെള്ളം തെറിക്കുന്ന അവസ്ഥയുണ്ട്. ഭിന്നശേഷിക്കാരുടെ മുച്ചക്രവാഹനങ്ങൾ കടന്നുപോകാനും പ്രയാസമാണ്. മൊഗ്രാൽ പുത്തൂർ കടവത്തുനിന്ന് മൊഗ്രാൽ പാലം വരെയും ഇതേയവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് അപകടത്തിൽപെടുന്നത് പതിവാണ്.
സർവിസ് റോഡിൽ നിറയെ മാലിന്യം കെട്ടിക്കിടക്കുന്നു. അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങൾ ബസ് കാത്തിരിക്കുന്നവരെ പോലും കുളിപ്പിച്ചാണ് പായുന്നത്. നാട്ടുകാർ നിരന്തരമായി സഞ്ചരിക്കുന്ന സർവിസ് റോഡിനെ ദേശീയപാത അധികൃതർ അവഗണിക്കുകയാണ്. ദേശീയപാതയിലെ പ്രധാനഭാഗങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടം പതിവാണ്.
എരിയിൽ പാലത്തിലെയടക്കം ദേശീയപാതയിലെ യാത്രക്കാരുടെ ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്ന് സാമൂഹിക പ്രവർത്തകൻ മാഹിൻ കുന്നിൽ കലക്ടർ, കുഡ്ലു വില്ലേജ് ഓഫിസർ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ മുഖേന അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.