കാസർകോട്: പള്ളിക്കര പൂച്ചക്കാട് കല്ലിങ്കാലിലെ മോട്ടോർ മെക്കാനിക്കാണ് വിനോദ്. സ്കൂളിൽ പോകുന്ന രണ്ടു മക്കളുണ്ട് അദ്ദേഹത്തിന്. സവിനയും സവിനന്ദും. കോവിഡ് അടച്ചിടലിൽപെട്ടതോടെ മക്കളുടെ വിദ്യാഭ്യാസം ഓൺലൈനിലായി. 'രാവിലെ ആറുമുതൽ മുതൽ വൈകീട്ട് എട്ടുവരെ ഓൺലൈൻ പഠനം. പലവിഷയങ്ങളിലെയും അധ്യാപകർ ക്ലാസെടുക്കുന്നു. അതിനിടയിൽ വിക്ടേഴ്സ് ചാനലും. രണ്ടുപേർക്കും മൊബൈൽ വേണം രണ്ടു മൊബൈലിനായി 35,000 രൂപയോളം ചെലവുവന്നു. അവിടെ തീർന്നില്ല. മുഴുനീള നെറ്റ് ഉപയോഗത്തിന് റീചാർജ് ചെയ്യണമെങ്കിൽ നല്ല പ്ലാൻതന്നെ വേണം. അവർ സ്വന്തംനിലക്ക് എെൻറ അക്കൗണ്ടിൽനിന്ന് ജീ-പേ വഴി അതുചെയ്യും. 400 രൂപയുടെ റീചാർജാണ് പ്രതിമാസം ചെയ്യുന്നത്. രണ്ടുപേർക്കുമായി 800 കുറഞ്ഞതുവേണം'. അത്യാവശ്യം വരുമാനമുള്ള രക്ഷിതാവ് എന്നനിലയിൽ വിനോദിനാവാം. പക്ഷേ, കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പാവപ്പെട്ട രക്ഷിതാക്കൾ എങ്ങനെ പണം കണ്ടെത്തും.
12ാം ക്ലാസുവരെ സൗജന്യ വിഭ്യാഭ്യാസം ലഭിച്ചുവന്നിരുന്ന കേരളത്തിൽ ഇപ്പോൾ സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് പറയാനാവില്ല. രണ്ടുമക്കളുള്ള ഒരു രക്ഷിതാവിന് ഒരുവിദ്യാർഥിക്ക് ഒരുവർഷം അരലക്ഷം രൂപ കണ്ടെത്തണം. സ്കൂൾ തുറക്കാത്തതിനാൽ സൗജന്യ യൂനിഫോം സർക്കാറിന് നൽകേണ്ടതില്ല. പുതുവസ്ത്രങ്ങൾ രക്ഷിതാവിന് വാങ്ങേണ്ടതുമില്ല. എങ്കിലും കോവിഡിനു മുമ്പുള്ളതിനേക്കാൾ പണം ഇപ്പോൾ മക്കളുടെ പഠനത്തിനുവേണ്ടി കണ്ടെത്തണം.
'ഇപ്പോൾ അധ്യാപകർക്ക് തോന്നുന്നപോലെയാണ് ക്ലാസ്. എല്ലാ കുട്ടികൾക്കും ഒരുപോലെയല്ല ക്ലാസ് കിട്ടുന്നത് ഇത് നീതിയല്ല. 'റിട്ട. അധ്യാപകൻ ചന്തേരയിലെ സുഗുണൻ മാസ്റ്റർ പറയുന്നു.
കോവിഡ് കാലത്തെ രണ്ടാം അധ്യയനവർഷം ആരംഭിച്ചിട്ടും ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത എസ്.സി–എസ്.ടി വിഭാഗത്തിലുള്ള കുട്ടികൾ 5117 വരും. ഇതുവരെ അവർ പഠനത്തിെൻറ പടിക്കുപുറത്തുതന്നെയാണ്.
'പഠനസൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവരെ സഹായിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പി.ടി.എ കമ്മിറ്റി, സ്കൂൾതല പഠനസഹായ കമ്മിറ്റി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളോട് ഫണ്ട് നീക്കി വെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ടി–എസ്.സി വിഭാഗത്തിൽ അർഹരായ കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ക്രോഡീകരിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്'. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.വി. പുഷ്പ പറഞ്ഞു.
അടച്ചിട്ട ലോകത്ത് രണ്ടാം അധ്യയനവർഷം ആരംഭിച്ചിട്ടും രക്ഷിതാക്കൾ മൊബൈലിനും റീചാർജിനുള്ള പണത്തിനും വേണ്ടി പരക്കംപായുന്നു. ഓൺലൈൻ വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ ബജറ്റിൽ പണം വകയിരുത്തിയെന്ന് പ്രഖ്യപിച്ചിരുന്നു. എന്നാൽ, വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മൊബൈൽ വാങ്ങാനുള്ള പണം സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കാനാണ് ഉത്തരവിട്ടത്. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്കൂൾ പി.ടി.എ, പഠനസഹായ സമിതി, സഹകരണ ബാങ്കുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ ചുമലിലേക്ക് തള്ളി, കോവിഡ് നിയന്ത്രണത്തിെൻറ ചുമതല പഞ്ചായത്തുകളെ ഏൽപിച്ചതുപോലെതന്നെ കൈ ഒഴിഞ്ഞിരിക്കുന്നു. നെറ്റ് ലഭ്യമായ നഗരകേന്ദ്രങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായി ഓൺലൈൻ പഠനം പരിമിതപ്പെട്ടു. ടവർ കുറഞ്ഞ മലയോര മേഖലയിലെ കുട്ടികൾ മുറിയുന്ന നെറ്റിലെ പഠനം ഉപേക്ഷിച്ചുപോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.