പൈവളിഗെ: പെർമുദെ-പൈവളിഗെ പഞ്ചായത്തിന് കീഴിലുള്ള പെർമുദെ-മുന്നൂർ റോഡിൽ വ്യാപക മണ്ണിടിച്ചിൽ. ശക്തമായ മഴ തുടരുന്നതിനിടെ റോഡിൽ വ്യത്യസ്തയിടങ്ങളിലായി പത്തോളം സ്ഥലത്താണ് വലിയതോതിൽ മണ്ണിടിച്ചിലുണ്ടായത്. ഇത് വാഹന യാത്രക്കും ഭീഷണിയാകുന്നുണ്ട്. മുൻവർഷങ്ങളിലൊന്നും ഇത്തരത്തിലുള്ള വ്യാപക മണ്ണിടിച്ചിലുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞവർഷം ഒന്നോ രണ്ടോ സ്ഥലത്ത് മാത്രമായിരുന്നു മണ്ണിടിച്ചിൽ.
ഇപ്രാവശ്യം മണ്ണിടിച്ചിൽ തുടരുന്നുവെന്ന് മാത്രമല്ല, ഏതുനിമിഷവും ഇടിയാൻ പാകത്തിലാണ് പലയിടത്തും കുന്നുകൾ ഭീഷണിയായി നിൽക്കുന്നത്. ചെറുതും വലുതുമായ നിരവധി വളവുകളും വലിയ കയറ്റവും ഇറക്കവുമുള്ളതാണ് പെർമുദെ-മുന്നൂർ റോഡ്. കാര്യമായ രീതിയിൽ ഗതാഗത തടസ്സമില്ലെങ്കിലും മണ്ണിടിഞ്ഞ് റോഡ് വരെ എത്തുന്നത് ആശങ്കക്ക് കാരണമാക്കുന്നുണ്ട്. 10 മുതൽ 20 വരെ അടി ഉയരത്തിൽ നിന്നാണ് മണ്ണിടിച്ചിലുണ്ടാകുന്നത്.
കുന്നിൻമുകളിൽ വലിയ മരങ്ങളുള്ളതിനാൽ മണ്ണിടിച്ചിലിൽ അപകടസാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. പ്രസ്തുത റൂട്ടിൽ ബസ് ഉൾപ്പെടെ വാഹനങ്ങൾ സർവിസ് നടത്തുന്നുണ്ട്. ചെറുതും വലുതുമായ നിരവധി വാഹനങ്ങളും ഈ റൂട്ടിലൂടെ പോകുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ വേറെയും. മണ്ണിടിച്ചിലുണ്ടായാൽ നാട്ടുകാർ ഇടപെട്ട് ഗതാഗത തടസ്സം നീക്കാറാണ് പതിവ്. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് സുരക്ഷ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.