കാസർകോട്: മാലിന്യവിമുക്ത നഗരസഭയായി മാറാനൊരുങ്ങി കാസര്‍കോട് നഗരസഭ. ലോക ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നഗരസഭകളുമായി ചേര്‍ന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി നടപ്പാക്കുന്നത്.
കാസര്‍കോട് നഗരസഭയുടെ ഖരമാലിന്യ പരിപാലന പദ്ധതിക്കായി ഒമ്പതുകോടി അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അനുവദിച്ച 90 ലക്ഷം രൂപ നഗരസഭയുടെ എം.സി.എഫ് നവീകരണത്തിനായി ഉപയോഗിക്കും. അജൈവ മാലിന്യം സംഭരിക്കാനും ശാസ്ത്രീയമായി തരംതിരിക്കാനും സംസ്കരിക്കാനും പ്രകൃതിക്കും മനുഷ്യനും ഹാനികരമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന എം.സി.എഫ് സംവിധാനം ആധുനിക രീതിയിലേക്ക് മാറ്റാന്‍ ഈ തുക വിനിയോഗിക്കും.
കാസര്‍കോട് നഗരസഭയിലെ മാലിന്യം മധുര് കേളുഗുഡെയിലെ നഗരസഭയുടെ സ്ഥലത്തായിരുന്നു സംസ്കരിച്ചിരുന്നത്. എന്നാല്‍, നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു. വര്‍ഷങ്ങളായി അവിടെ കിടക്കുന്ന എഴുപതിനായിരത്തോളം ടണ്‍ മാലിന്യം മാറ്റാനുള്ള സർവേ പൂര്‍ത്തീകരിച്ചു. ഡി.പി.ആര് അംഗീകരിക്കുന്നതോടെ മാലിന്യങ്ങള്‍ നീക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ ആമുഖ പരിശീലന പരിപാടി നടത്തി. കാസര്‍കോട് നഗരസഭ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.