തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ല പ്രസിഡന്‍റ് ജെറ്റോ ജോസഫിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് യു.ഡി.എഫിലെ അതൃപ്തിക്ക് അറുതി. സീറ്റ് കോൺഗ്രസിന് കൈമാറിയതോടെയാണിത്. ഡി.സി.സി പ്രസിഡന്‍റ് ഉൾപ്പെടെ കോൺഗ്രസിൽനിന്ന് മൂന്നുപേരുകളാണ് ഉയർന്നുകേട്ടത്.
ഇടതുമുന്നണി സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വി.പി.പി. മുസ്തഫ സൈബർ ഇടങ്ങളിൽ സജീവമായിക്കഴിഞ്ഞു. മണ്ഡലത്തിൽ ഒരു ബൂത്ത് കമ്മിറ്റിപോലും ഇല്ലാത്ത ജോസഫ് വിഭാഗത്തിന് ടിക്കറ്റ് നൽകുന്നതിൽ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയാണ് ആദ്യം രംഗത്തുവന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ നടത്തിയ പ്രകടനം മണ്ഡലത്തിൽ ആവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021ലെ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി കാൽലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടാൻ കാരണം യു.ഡി.എഫ് വിശ്വാസികളുടെ പ്രതിഷേധ വോട്ടാണന്ന് മുസ്‌ലിം ലീഗ് പറയുന്നു. ഒരുപടി കൂടി കടന്ന്, കോൺഗ്രസിനോ ലീഗിനോ സീറ്റ് ലഭിച്ചില്ലെങ്കിൽ അണികൾ പ്രവർത്തനരംഗത്തുനിന്ന് വിട്ടുനിന്നേക്കുമെന്നുവരെ മണ്ഡലം കമ്മിറ്റി യോഗത്തിൽ ഭീഷണിയുയർന്നു. കഴിഞ്ഞദിവസം പ്രതിപക്ഷനേതാവുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തി. തീരുമാനം ഉടനെ ഉണ്ടാകുമെന്നാണ് നേതാക്കൾ അറിയിച്ചത്.
ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ, ബാലകൃഷ്ണൻ പെരിയ എന്നിവരുടെ പേരുകളാണ് അവസാന റൗണ്ടിൽ പറഞ്ഞുകേൾക്കുന്നത്. തൃക്കരിപ്പൂരിൽ ഇടതുമുന്നണി സ്ഥാനാർഥിക്കെതിരെ ജയസാധ്യത അതേ സമുദയത്തിൽപെട്ടവർക്ക് ഉണ്ടെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. അതേസമയം, ജില്ലയിലെ മറ്റുമണ്ഡലങ്ങളിലെ സാമുദായിക വിന്യാസം കണക്കിലെടുക്കുമ്പോൾ ബാലകൃഷ്ണൻ പെരിയക്കാണ് അവസരം ലഭിക്കേണ്ടതെന്ന അഭിപ്രായമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ധ്രുവീകരണം ഒഴിവാക്കാൻ സാധിക്കുമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.